ഡൽഹി: രാഹുലിന്റെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുകയാണ്. അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്നും മോദി പരിഹസിച്ചു. രാഹുൽ രണ്ടാം സീറ്റ് തേടുമെന്ന് താൻ നേരത്തെ പറഞ്ഞതാണ്. അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണ്. അതിനാൽ റായ്ബറേലിയിലേക്ക് ഓടിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ഭയക്കരുതെന്നാണ് അവർ എല്ലാവരോടും പറയുന്നത്. അവരോട് തനിക്ക് പറയാനുള്ളതും ഭയക്കരുത് എന്ന് തന്നെയാണെന്നും മോദി പറഞ്ഞു.
രാഹുല് ഗാന്ധി റായ്ബറേലിയിൽ നിന്നാണ് മത്സരിക്കുക. അമേഠിയിൽ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.
അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്ഗ്രസ് ഓഫീസിലടക്കം രാഹുല് ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്ഡുകള് എത്തിച്ചിരുന്നു. സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്ച്ചകള് നീണ്ടതോടെയാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന് വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തിയതും ചർച്ചയായിരുന്നു.
രാഹുൽ റായ്ബറേലിയിൽ; അമേഠിയിൽ മത്സരിക്കുക ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ