യാദവ-മുസ്ലിം ലേബൽ മാറ്റിയെഴുതി അഖിലേഷ് യാദവ്; പരീക്ഷിക്കുന്നത് പുതിയ ജാതി സമവാക്യങ്ങൾ

ന്യൂനപക്ഷ സ്വാധീന കേന്ദ്രങ്ങളിൽ ഹിന്ദു സ്ഥാനാർത്ഥി. ജനറൽ സീറ്റിൽ ദളിത് വിഭാഗത്തിന് പ്രാതിനിധ്യം

dot image

ഉത്തര്പ്രദേശില് മുസ്ലിം-യാദവ പാര്ട്ടിയെന്ന ലേബൽ ബോധപൂർവ്വം ഒഴിവാക്കി അഖിലേഷ് യാദവ്. ബിജെപിയെ നേരിടാന് കോണ്ഗ്രസുമായി സഖ്യത്തില് മത്സരിക്കുന്ന അഖിലേഷ് പുതിയ തിരഞ്ഞെടുപ്പ് സമവാക്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മുലായം സിങ്ങിന്റെ കാലത്തെ മുസ്ലിം-യാദവ കോമ്പിനേഷന് മാറ്റിപ്പിടിച്ച് പുതിയ സമവാക്യം പരീക്ഷിക്കാനൊരുങ്ങുകയാണ് സമാജ് വാദി പാര്ട്ടി. യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് സീറ്റ് വിതരണത്തിൽ പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചിരിക്കുകയാണ് അഖിലേഷ്.

മുപ്പത് ശതമാനത്തിലേറെ ന്യൂനപക്ഷ ജനവിഭാഗങ്ങളുള്ള മൊറാദബാദ്, മീററ്റ് സീറ്റുകളില് ഹിന്ദു സ്ഥാനാര്ത്ഥികളെയാണ് ഇത്തവണ അഖിലേഷ് മത്സരിപ്പിക്കുന്നത്

സംസ്ഥാനത്ത് 20%ത്തിലേറെ വരുന്ന മുസ്ലിം ജനവിഭാഗത്തെ പ്രതിനിധീകരിച്ച് നാല് സ്ഥാനാര്ത്ഥികളെ മാത്രമാണ് സമാജ് വാദി പാര്ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് ഉള്പ്പെടുത്താൻ ഇത്തവണ സമാജ് വാദി പാര്ട്ടി തയ്യാറായിട്ടുണ്ട്. 2014 മുതല് ബിജെപിക്ക് പിന്നില് അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള നീക്കമാണ് ഇതിലൂടെ സമാജ് വാദി പാര്ട്ടി നടത്തിയിരിക്കുന്നത്. മുപ്പത് ശതമാനത്തിലേറെ ന്യൂനപക്ഷ ജനവിഭാഗങ്ങളുള്ള മൊറാദബാദ്, മീററ്റ് സീറ്റുകളില് ഹിന്ദു സ്ഥാനാര്ത്ഥികളെയാണ് ഇത്തവണ അഖിലേഷ് മത്സരിപ്പിക്കുന്നത്. ഒരു ജനറല് സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്ത്ഥിയെ നിര്ത്താനും എസ് പി തീരുമാനിച്ചിരുന്നു. ഈ നിലയില് പരമ്പരാഗത സീറ്റ് നിര്ണ്ണയ രീതികള് മാറ്റിപ്പിടിക്കാന് അഖിലേഷ് യാദവ് തയ്യാറായിരിക്കുകയാണ്. യുപിയിൽ ഇൻഡ്യ സഖ്യത്തിൻ്റെ ധാരണ പ്രകാരം സമാജ് വാദി പാര്ട്ടി 62 സീറ്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 17 സീറ്റിലും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

നേരത്തെ മുലയം സിങ്ങിന്റെ കാലത്ത് രാംപൂരിലെല്ലാം അസംഖാനെപ്പോലുള്ള ശക്തര്ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. എന്നാല് അസംഖാനെയും കൂട്ടരെയും ആ നിലയില് പരിഗണിക്കാതെയാണ് അഖിലേഷ് യാദവ് സീറ്റ് നിര്ണ്ണയം നടത്തിയിരിക്കുന്നത്. മത്സരിക്കണമെന്ന അസംഖാന്റെ ആവശ്യം അഖിലേഷ് തള്ളുകയായിരുന്നു. പിന്നാലെ തന്റെ അടുത്ത അനുയായി അസിം രാജയെ മത്സരിപ്പിക്കണമെന്ന് അസംഖാന് ആവശ്യപ്പെട്ടു. അസിം രാജ നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചെങ്കിലും പരിശോധനയില് തള്ളിപ്പോകുകയായിരുന്നു. ഇതിന് പിന്നാലെ ദില്ലിയിലെ പാര്ലമെന്റ് സ്ട്രീറ്റിലെ മോസ്കില് ഇമാമായിരുന്ന മൊഹിബുള്ള നദ് വിയെയാണ് അഖിലേഷ് മത്സരത്തിനായി നിയോഗിച്ചത്.

യാദവ പാര്ട്ടിയെന്ന ആക്ഷേപം നിലനില്ക്കെ അടുത്ത ബന്ധുക്കള്ക്കൊഴികെ ആര്ക്കും സ്വസമുദായത്തില് നിന്ന് അഖിലേഷ് ടിക്കറ്റ് നല്കിയിട്ടില്ല. അഖിലേഷ് യാദവ് കനൗജിലാണ് ഇത്തവണ ജനവിധി തേടുന്നത്. 2019ല് അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിള് യാദവ് ഇവിടെ ബിജെപി സ്ഥാനാര്ത്ഥിയോട് പരാജയപ്പെട്ടിരുന്നു. മുലായംസിങ്ങ് യാദവിന്റെ ശക്തികേന്ദ്രമായ മെയിന്പുരിയില് ഡിമ്പിള് യാദവാണ് മത്സരിക്കുന്നത്. മുലായം സിങ്ങിന്റെ മരണശേഷം 2022ല് നടന്ന ഉപതിരഞ്ഞെടുപ്പില് ഡിമ്പിള് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളായ ആദിത്യ, അക്ഷയ്, ധര്മ്മേന്ദ്ര എന്നിവര്ക്ക് യഥാക്രമം ബദൗന്, ഫിറോസബാദ്, അസംഗഡ് എന്നിവിടങ്ങളിലും സീറ്റ് അനുവദിച്ചിട്ടുണ്ട്.

യാദവ ഇതര പിന്നാക്ക വിഭാഗങ്ങള്ക്കും സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് അഖിലേഷ് ഇത്തവണ മതിയായ പരിഗണന നല്കിയിട്ടുണ്ട്

യാദവ ഇതര പിന്നാക്ക വിഭാഗങ്ങള്ക്കും സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് അഖിലേഷ് ഇത്തവണ മതിയായ പരിഗണന നല്കിയിട്ടുണ്ട്. മണ്ഡല്കാലത്ത് എസ്പിക്ക് പിന്നില് അണിനിരന്നിരുന്ന ഈ വിഭാഗം പിന്നീട് ബിജെപിക്ക് പിന്നില് അണിനിരക്കുകയായിരുന്നു. എസ് പിയിലെ യാദവ മേല്ക്കൈയില് പ്രതിഷേധിച്ചായിരുന്നു ഈ വിഭാഗം ബിജെപിക്കൊപ്പം ചേര്ന്നത്. കുര്മി വിഭാഗത്തിനിടയില് സ്വാധീനമുള്ള അനുപ്രിയ പട്ടേലിന്റെ അപ്നദളുമായും മത്സ്യ തൊഴിലാളി വിഭാഗത്തിനിടയില് സ്വാധീനമുള്ള സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്ട്ടിയുമായും ബിജെപി ഉണ്ടാക്കിയ സഖ്യത്തെ മറികടക്കാന് അഖിലേഷിന്റെ ഈ നീക്കം സഹായിക്കുമെന്നാണ് എസ്പിയുടെ കണക്ക് കൂട്ടല്.

യാദവ ഇതര പിന്നാക്ക സമുദായത്തിന് 26 സീറ്റാണ് ഇത്തവണ എസ്പി നല്കിയിരിക്കുന്നത്. കുര്മി വിഭാഗത്തില് നിന്നും ഒന്പത്, മൗര്യ, സാക്യ, കുഷ്വഹ തുടങ്ങിയ വിഭാഗങ്ങളില് നിന്നുള്ള ആറ്, നിഷാദ വിഭാഗത്തില് നിന്ന് നാല് എന്നിങ്ങനെയാണ് എസ്പി യാദവ ഇതര വിഭാഗങ്ങള്ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകള്. 17 സംവരണ സീറ്റുകളിലും ഇത്തവണ സൂക്ഷ്മതയോടെയാണ് എസ്പി സീറ്റ് വിതരണം പൂര്ത്തിയാക്കിയത്. ബിഎസ്പിയുമായി ചേര്ന്ന നില്ക്കുന്ന ജാതവ വിഭാഗത്തെ പോലെ തന്നെ ജാതവ ഇതര വിഭാഗത്തെയും സംവരണ സീറ്റുകളില് സ്ഥാനാര്ത്ഥികളായി പരിഗണിക്കുന്നതില് എസ്പി ജാഗ്രത കാണിച്ചിട്ടുണ്ട്.

കോണ്ഗ്രസ് അവര്ക്ക് അനുവദിച്ച 17 സീറ്റില് ഭൂരിപക്ഷത്തിലും ഉയര്ന്ന ജാതി വിഭാഗത്തെയാണ് മത്സരിപ്പിക്കുന്നത്. രണ്ട് സീറ്റുകളാണ് കോണ്ഗ്രസ് മുസ്ലിം സ്ഥാനാര്ത്ഥികള്ക്ക് അനുവദിച്ചിരിക്കുന്നത്. പിന്നാക്ക ജാതി വിഭാഗത്തിന് മൂന്ന് സീറ്റുകളും കോണ്ഗ്രസ് അനുവദിച്ചിട്ടുണ്ട്

യാദവ-മുസ്ലിം സമവാക്യം മാറ്റിയെഴുതിയെങ്കിലും കോണ്ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ മുസ്ലിം വിഭാഗത്തിന്റെ പിന്തുണയും ഉറപ്പുവരുത്താന് കഴിയുമെന്നാണ് എസ്പി കണക്കാക്കുന്നത്. എസ്പിയുമായി സഖ്യത്തില് മത്സരിക്കുന്ന കോണ്ഗ്രസ് അവര്ക്ക് അനുവദിച്ച 17 സീറ്റില് ഭൂരിപക്ഷത്തിലും ഉയര്ന്ന ജാതി വിഭാഗത്തെയാണ് മത്സരിപ്പിക്കുന്നത്. രണ്ട് സീറ്റുകളാണ് കോണ്ഗ്രസ് മുസ്ലിം സ്ഥാനാര്ത്ഥികള്ക്ക് അനുവദിച്ചിരിക്കുന്നത്. പിന്നാക്ക ജാതി വിഭാഗത്തിന് മൂന്ന് സീറ്റുകളും കോണ്ഗ്രസ് അനുവദിച്ചിട്ടുണ്ട്. എസ്പിയുടെ പങ്കില് നിന്നും ഒരു സീറ്റ് അവര് തൃണമൂല് കോണ്ഗ്രസിനും നല്കിയിട്ടുണ്ട്. മുന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി കലാപതി ത്രിപാഠി ചെറുമകന് ലാലിതേഷ് ത്രിപാഠിയാണ് മമത ബാനര്ജിയുടെ പാര്ട്ടിക്കായി ബദോഹിയില് നിന്ന് മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image