'അമേഠിയിൽ നിന്ന് ഓടിപ്പോയ ആൾ റായ്ബറേലിക്ക് സ്വന്തമാകില്ല'; രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

'അമേഠിയിലെ പോരാട്ടത്തിന് ഗാന്ധി കുടുംബം ഇല്ല എന്നത് കോൺഗ്രസ് പാർട്ടി വോട്ടെടുപ്പ് നടക്കും മുന്നെ പരാജയം സമ്മതിച്ചതിന്റെ സൂചനയാണ്'

dot image

അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് പകരം റായ്ബറേലി തിരഞ്ഞെടുത്ത രാഹുലിന്റെ നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിലവിൽ അമേഠിയിലെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമാണ് സ്മൃതി ഇറാനി. അമേഠിയിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കാൻ എത്തിയില്ലാ എന്നത് തിരഞ്ഞെടുപ്പിന് മുമ്പ് പരാജയം സമ്മതിച്ചതുകൊണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.

'അമേഠിയിലെ പോരാട്ടത്തിന് ഗാന്ധി കുടുംബം ഇല്ല എന്നത് കോൺഗ്രസ് പാർട്ടി വോട്ടെടുപ്പ് നടക്കും മുന്നെ പരാജയം സമ്മതിച്ചതിന്റെ സൂചനയാണ്' - സ്മൃതി ഇറാനി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാൽ ശർമ്മയാണ് അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ തവണ രാഹുൽ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലമാണ് അമേഠി.

എന്തെങ്കിലും ഒരു വിജയസാധ്യതയുണ്ടെന്ന് അവർ കരുതിയിരുന്നെങ്കില് അമേഠിയിൽ വിശ്വസ്തനെ മത്സരിപ്പിക്കുമായിരുന്നില്ല. മെയ് 20 ന് നടക്കുന്ന വോട്ടെടുപ്പിൽ താൻ ജയിക്കുമെന്നും സ്മൃതി പറഞ്ഞു. ഒരിക്കൽ അമേഠി സ്വീകരിക്കാതിരുന്നയാൾ, വയനാട്ടിലേക്ക് ഒളിച്ചോടിയയാൾ, അങ്ങനെയൊരാള് റായ്ബറേലിയുടെ സ്വന്തമാകില്ല. വയനാട് തന്റെ കുടുംബമാണെന്ന് നേരത്തേ രാഹുൽ പറഞ്ഞു, അങ്ങനെയെങ്കില് റായ്ബറേലിയെ കുറിച്ച് അദ്ദേഹം ഇന്ന് എന്ത് പറയും? സ്മൃതി ചോദിച്ചു.

മൂന്ന് തവണ അമേഠിയിൽ നിന്ന് മത്സരിച്ച് പാർലമെന്റിലേക്കെത്തിയ രാഹുൽ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 55000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിനെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.

'രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുന്നു, ഭയക്കരുത്'; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി
dot image
To advertise here,contact us
dot image