
ന്യൂഡല്ഹി: ഡല്ഹിയിലെ നോര്ത്ത് ഈസ്റ്റ് ഡല്ഹി ലോക്സഭാ മണ്ഡലത്തില് നിന്ന് മത്സരിക്കുന്ന കോണ്ഗ്രസ് സ്ഥാനാര്ത്ഥി കനയ്യകുമാര് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. നന്ദ് നാഗരിയിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെത്തിയാണ് പത്രിക സമര്പ്പിച്ചത്. ഡല്ഹി മന്ത്രിയും മുതിര്ന്ന ആംആദ്മി പാര്ട്ടി നേതാവുമായ ഗോപാല് റായിയും കനയ്യകുമാറിനോടൊപ്പമുണ്ടായിരുന്നു.
ഇതേ മണ്ഡലത്തില് നിന്ന് രണ്ട് തവണ എംപിയായ മനോജ് തിവാരിയെയാണ് ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് കനയ്യകുമാറിനിത് രണ്ടാമൂഴമാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പില് ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില് സിപിഐ സ്ഥാനാര്ത്ഥിയായിരുന്നു കനയ്യകുമാര്.
ഡല്ഹിയില് കോണ്ഗ്രസും ആംആദ്മി പാര്ട്ടിയും സഖ്യത്തിലാണ് മത്സരിക്കുന്നത്. ആകെയുള്ള ഏഴ് സീറ്റുകളില് ആംആദ്മി പാര്ട്ടി നാല് സീറ്റുകളിലും കോണ്ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മെയ് 25നാണ് ഈ മണ്ഡലങ്ങളില് തിരഞ്ഞെടുപ്പ്.