ന്യൂഡല്ഹി: അയോധ്യ രാമക്ഷേത്രത്തിനെതിരായ സമാജ് വാദി പാര്ട്ടി നേതാവ് രാം ഗോപാല് യാദവിന്റെ പരാമര്ശത്തിനെതിരെ ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമ വിശ്വാസികളായ ലക്ഷക്കണക്കിന് ആളുകളുടെ സനാതന വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്ശമാണ് രാം ഗോപാല് യാദവ് നടത്തിയതെന്ന് യോഗി ആദിത്യനാഥ് വിമര്ശിച്ചു.
'വോട്ട് ബാങ്കിനായി ഇക്കൂട്ടര് ഇന്ത്യയുടെ വിശ്വാസം വെച്ചുമാത്രമല്ല കളിക്കുന്നത്, ശ്രീരാമന്റെ ദൈവികതയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ദൈവികതയെ വെല്ലുവിളിച്ചവര് ദുരിതമാണ് നേരിട്ടത് എന്നതിന് ചരിത്രം സാക്ഷിയാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.
രാം ഗോപാല് യാദവിന്റെ പരാമര്ശം ദശലക്ഷക്കണക്കിന് രാമഭക്തരുടെ സനാതന വിശ്വാസത്തെ അപമാനിക്കുന്നതാണ്. ജീവിതം മുഴുവന് രാമക്ഷേത്രത്തിനായി സമര്പ്പിച്ചവരുടെ വിശ്വാസം ആക്രമിക്കപ്പെടുകയാണ്. ഇന്ത്യന് സമൂഹം ഇത് അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി പ്രതിപക്ഷം മതവിശ്വാസത്തെ ഉപയോഗിക്കുകയാണെന്നും യോഗി വിമര്ശിച്ചു.
രാമക്ഷേത്ര നിര്മ്മിതി ഉപയോഗ ശൂന്യമാണെന്നായിരുന്നു രാം ഗോപാല് യാദവിന്റെ പരാര്ശം. എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കള് രാമക്ഷേത്രം സന്ദര്ശിക്കുന്നില്ല എന്ന ചോദ്യത്തോട്, 'ഞങ്ങള് ദിവസവും ശ്രീരാമന് പ്രണാമം അര്പ്പിക്കുന്നു. ആ ക്ഷേത്രം ഉപയോഗ ശൂന്യമാണ്. ക്ഷേത്രങ്ങള് ഇതുപോലെയാണോ നിര്മ്മിച്ചിരിക്കുന്നത്. പഴയ ക്ഷേത്രങ്ങള് നോക്കൂ. അവ ഇങ്ങനെയല്ല നിര്മ്മിച്ചിരിക്കുന്നത്- തെക്ക് നിന്നും വടക്കോട്ടാണ്. ക്ഷേത്രത്തിന്റെ ഭൂപടം വാസ്തുപ്രകാരമുള്ള അടയാളത്തിന് അനുയോജ്യമല്ല' എന്നായിരുന്നു രാം ഗോപാല് യാദവിന്റെ പരാമർശം.