ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവ് മണി ശങ്കര് അയ്യര് പാക്കിസ്താന് വേണ്ടി പി ആര് വര്ക്ക് ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്. ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ് മണിശങ്കര് അയ്യര് കരുതുന്നത്. അയ്യരുടെ വാക്കുകളിലൂടെ കോണ്ഗ്രസിന്റെ ആശയങ്ങള് എന്താണെന്ന് വ്യക്തമാവുകയാണെന്നും മണി ശങ്കര് അയ്യര് പറഞ്ഞു. ഇന്ത്യ പാക്കിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല് ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും മണി ശങ്കര് അയ്യര് പറഞ്ഞത് വിവാദമായിരുന്നു.
മണിശങ്കര് അയ്യറിലൂടെയും, സാം പിത്രോദയായിലൂടെയും കോണ്ഗ്രസിന്റെ നിലപാടുകളാണ് വ്യക്തമാകുന്നത്. കേരളത്തിലടക്കം കോണ്ഗ്രസ് എസ്ഡിപിഐയുടെയും പിഎഫ്ഐയുടെയും പിന്തുണ സ്വീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖര് ആരോപിച്ചു. പാകിസ്താന്റെ പക്കല് ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല് ഒരു ഭ്രാന്തന് ലാഹോറിന് മുകളില് ബോംബ് വര്ഷിക്കാന് തോന്നിയാല് റേഡിയേഷന് അമിത്സറിലെത്താന് 8 സെക്കന്റ് പോലും വേണ്ടിവരില്ല. നമ്മള് അവരെ ബഹുമാനിച്ചാല് അവര് സമാധാനം തുടരും. നമ്മള് അവരെ കബളിപ്പിച്ചാല് ഒരു ഭ്രാന്തന് വന്ന് ബോബിട്ടാല് എന്ത് ചെയ്യും എന്നായിരുന്നു മണി ശങ്കര് അയ്യരുടെ പരാമര്ശം.
പാകിസ്താനുമായുള്ള നമ്മുടെ പ്രശ്നങ്ങള് എത്ര ഗൗരവമേറിയതാണെങ്കിലും, വിശ്വഗുരു ആകണമെങ്കില്, അവ പരിഹരിക്കാന് നമ്മള് കഠിനമായി പരിശ്രമിക്കുന്നുവെന്ന് കാണിക്കണം, എന്നാല് കഴിഞ്ഞ 10 വര്ഷമായി ഇതിനായി നമ്മള് ഒന്നും ചെയ്യുന്നില്ലെന്നും മണി ശങ്കര് അയ്യര് പറഞ്ഞു.