'പോരാട്ടവിജയം, കോടതിക്ക് നന്ദി'; ബ്രിജ്ഭൂഷണെതിരെ കുറ്റംചുമത്തിയതിൽ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും

രാജ്യത്തിൻ്റെ പെൺമക്കൾക്ക് ഈ തീരുമാനം ആശ്വാസം നൽകുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു

dot image

ഡൽഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയതിൽ കോടതിക്ക് നന്ദി പറഞ്ഞ് ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും സാക്ഷി മാലികും. വനിതാ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് ലഭിച്ച വലിയ വിജയമാണിതെന്നെന്നും രാജ്യത്തിൻ്റെ പെൺമക്കൾക്ക് ഈ തീരുമാനം ആശ്വാസം നൽകുമെന്നും ബജ്റംഗ് പുനിയ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളെ കളിയാക്കിയവർ ലജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിക്ക് നന്ദി അറിയിച്ച സാക്ഷി മാലിക്, എത്രയോ രാത്രികൾ ചൂടിലും മഴയിലും തെരുവിൽ ഉറങ്ങേണ്ടി വന്നുവെന്ന് ഓർമ്മിച്ചു. നല്ല കരിയർ ഉപേക്ഷിക്കേണ്ടി വന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുറച്ച് ചുവട് മുന്നോട്ട് വെക്കാൻ കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഡല്ഹി കോടതി കുറ്റം ചുമത്തിയിരിക്കുകയാണ്. 354, 354 എ വകുപ്പുകൾ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നും കുറ്റം ചുമത്താന് മതിയായ വസ്തുതകള് കണ്ടെത്തിയതായും കോടതി അറിയിച്ചു. ആറ് വനിതാ ഗുസ്തി താരങ്ങളാണ് കേസ് നൽകിയിരുന്നത്. ആറാമത്തെ താരം ഉന്നയിച്ച കുറ്റങ്ങളിൽ നിന്ന് ബ്രിജ് ഭൂഷണെ കോടതി വെറുതെ വിട്ടു.

നിലവിൽ ബിജെപി എംപിയായ ബ്രിജ്ഭൂഷണിന് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലെ കൈസര്ഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ ബ്രിജ്ഭൂഷണിന് പകരം മകന് കരണ് ഭൂഷണ് സിങ്ങിനെയാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയാക്കിയിരുന്നത്. നേരത്തെ ബ്രിജ് ഭൂഷണ് നേരെ നടപടിയെടുക്കാൻ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്കിന്റെ അടക്കം നേതൃത്വത്തിൽ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ ഔദ്യോഗിക ബഹുമതികൾ അടക്കം തിരിച്ചു നൽകി ഗുസ്തി താരങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഗുസ്തി താരങ്ങളോടുള്ള കടുത്ത അവഗണനയിൽ ഷൂ അഴിച്ച് വെച്ച് സാക്ഷി മാലിക്ക് കരിയർ അവസാനിപ്പിച്ചിരുന്നു.

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസ്: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തി ഡല്ഹി കോടതി
dot image
To advertise here,contact us
dot image