'സ്വകാര്യതയെ മാനിച്ചില്ല, ഗവർണർക്കെതിരെ നടപടി വേണം'; ദൃശ്യങ്ങള് പ്രദര്ശിപ്പിച്ചതില് പരാതിക്കാരി

രാജ്ഭവന്റെ പ്രധാനകവാടത്തിലെ രണ്ട് സിസി ടിവി ദൃശ്യങ്ങളില് നിന്നുള്ള 69 മിനിറ്റ് ദൃശ്യങ്ങളാണ് നൂറോളം പേര്ക്ക് മുന്നില് ഗവര്ണര് പ്രദര്ശിപ്പിച്ചത്

dot image

കൊല്ക്കത്ത: രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള് ജനങ്ങള്ക്ക് മുന്നില് പ്രദര്ശിപ്പിച്ച പശ്ചിമ ബംഗാള് ഗവര്ണര് സി വി ആനന്ദബോസിന്റെ നടപടിക്കെതിരെ പരാതിക്കാരി. തന്റെ അനുവാദമില്ലാതെയാണ് വീഡിയോ പുറത്തുവിട്ടതെന്ന് പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയുടെ വ്യക്തിവിവരങ്ങള് പരസ്യപ്പെടുത്തരുത് എന്നാണ് നിയമം. ഗവര്ണര്ക്കെതിരെ നടപടിയെടുക്കണം. അദ്ദേഹം നിരപരാധിയാണെങ്കില് സംഭവത്തില് പൊലീസ് അന്വേഷണത്തിന് ഉത്തരവിടാത്തത് എന്തുകൊണ്ടാണെന്നും പരാതിക്കാരി ഉന്നയിച്ചു.

'സിസി ടിവി ദൃശ്യങ്ങള് പുറത്തുവിട്ടതിലൂടെ ഗവര്ണര് എന്താണ് തെളിയിക്കാന് ശ്രമിക്കുന്നത്. എന്റെ വ്യക്തിവിവരങ്ങള് പരസ്യമായി. അദ്ദേഹം എത്ര ഉന്നതനാണെന്നും ഒരിക്കലും ശിക്ഷിക്കപ്പെടാന് പോകുന്നില്ലെന്നും എനിക്ക് അറിയാം. അദ്ദേഹം എന്നോട് ചെയ്തത് എന്നാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഏത് പരിശോധനയ്ക്കും ഞാന് തയ്യാറാണ്.' പരാതിക്കാരി നിലപാട് വ്യക്തമാക്കി. അതേസമയം രാജ്ഭവന് വിവാദത്തില് പ്രതികരിച്ചില്ല.

രാജ്ഭവന്റെ പ്രധാനകവാടത്തിലെ രണ്ട് സിസി ടിവി ദൃശ്യങ്ങളില് നിന്നുള്ള 69 മിനിറ്റ് ദൃശ്യങ്ങളാണ് നൂറോളം പേര്ക്ക് മുന്നില് ഗവര്ണര് പ്രദര്ശിപ്പിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്ജിയും പൊലീസും ഒഴികെയുള്ള വരെ ദൃശ്യം കാണിക്കുമെന്ന് ആനന്ദബോസ് നേരത്തെ പറഞ്ഞിരുന്നു. സിസി ടിവി ദൃശ്യങ്ങളില് ഗവര്ണറില്ല. സത്യം വിശ്വസിക്കുകയെന്ന പേരിലാണ് ഗവര്ണര് സിസി ടിവി പ്രദര്ശിപ്പിച്ചത്.

രാജ്ഭവന് ജീവനക്കാരി നല്കിയ ലൈംഗീക പീഡന പരാതിയിലാണ് ബംഗാള് ഗവര്ണര്ക്കെതിരെ കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള് കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവന് അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടിരുന്നു. എന്നാല്, അന്വേഷണവുമായി സഹകരിക്കാതിരിക്കാന് ജീവനക്കാരെ രാജ്ഭവന് ഭീഷണിപ്പെടുത്തുന്നതായാണ് അതിജീവിത ആരോപിക്കുന്നത്. രാജ്ഭവന് ഉള്ളില് വെച്ചാണ് വനിതാ ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന് പൊലീസിന് മുന്നില് മൊഴി ഉണ്ട്. അതിനാല് കേസിന്റെ തുടര് അന്വേഷണത്തിന് സിസിടിവി ദൃശ്യങ്ങള് പരിശോധിക്കേണ്ടതും രാജ്ഭവന് ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us