' ഇവിടെ ജീവിക്കുന്നുണ്ടെന്ന്' തെളിയിക്കാൻ വേണ്ടി മാത്രംവോട്ട് ചെയ്യുന്ന ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ

തങ്ങൾക്കിഷ്ട്ടമുള്ള സ്ഥാനാർഥിയെയോ രാഷ്ട്രീയ പാർട്ടിയെയോ വിജയിപ്പിക്കാനല്ല അവർ കാലങ്ങളായി വോട്ട് ചെയ്യുന്നത്

dot image

നാസിക്കിനടുത്തുള്ള ഒരു ഗ്രാമം, തകെഹാർഷ് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. 250 കുടിലുകളിലായി ഈ ഗ്രാമത്തിൽ താമസിക്കുന്ന രണ്ടായിരത്തോളം പേരും ഈ പൊതുതിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനൊരുങ്ങുകയാണ്. തങ്ങൾക്കിഷ്ട്ടമുള്ള സ്ഥാനാർഥിയെയോ രാഷ്ട്രീയ പാർട്ടിയെയോ വിജയിപ്പിക്കാനല്ല അവർ കാലങ്ങളായി വോട്ട് ചെയ്യുന്നത്. രാജ്യത്ത് ജീവിക്കുന്നതിന്റെ തെളിവിനും സർക്കാർ രേഖയിൽ നിലനിൽക്കുന്നതിനും മാത്രമായി പതിറ്റാണ്ടുകളായി ചിഹ്നവും സ്ഥാനാർഥിയെയും അറിയാതെ വോട്ട് ചെയ്യുന്നവരാണിവർ.

നാസിക്കിലെ പ്രശസ്തമായ ത്രയംബകേശ്വർ ക്ഷേത്രത്തിനടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരും സെലിബ്രൈറ്റികളും പതിവായി ത്രയംബകേശ്വർ ക്ഷേത്രം സന്ദർശിക്കാറുണ്ടെങ്കിലും അവിടെ നിന്നും 20 കിലോ മീറ്റർ മാത്രം അകലെയുള്ള തകെഹാർഷ് ഗ്രാമത്തിൽ ഒരാളും ഇത് വരെ എത്തി നോക്കിയിട്ടില്ല.

2024 പൊതുതിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും വോട്ട് ചോദിച്ച് ഇവിടെ എത്തിയിട്ടില്ലെന്ന് ഇവിടുത്തെ ഗ്രാമീണർ പറയുന്നു. പുറത്ത് നിന്നും ഗ്രാമത്തിലേക്ക് എത്തിപ്പെടാനുള്ള ഗതാഗത സൗകര്യം പൂർണ്ണമായും ലഭ്യമല്ല എന്ന കാരണവും നിലനിൽക്കുന്നു. ഈ ഗ്രാമ പഞ്ചായത്തിലെ 250 വീടുകളിൽ 90 വീടുകളിലും റേഷൻ ലഭ്യമല്ല. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതി പ്രകാരവും ഭക്ഷ്യധാന്യങ്ങൾ ലഭിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. ആ സമയത്ത് ഗ്രാമത്തിൽ പട്ടിണി മരണങ്ങളുമുണ്ടായി. പട്ടിക വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ വൈദ്യുതി, ജലം കണക്ഷനുകളും ഇല്ല.

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനപ്രതിനിധികളെ കുറിച്ചും ഇവിടുത്തുകാർക്ക് അറിവില്ല. 'ഞങ്ങളെ ആരും ഇത് വരെയും സന്ദർശിച്ചിട്ടില്ല, ചിഹ്നങ്ങളെ കുറിച്ചും സ്ഥാനാർഥിയെ കുറിച്ചും അറിയില്ല, എങ്കിലും തിരഞ്ഞെടുപ്പ് ദിവസം ഇവിഎം മെഷീനിൽ ആദ്യം കാണുന്ന ബട്ടണിൽ വിരലമർത്തും. തിരഞ്ഞെടുപ്പിന് ശേഷം ആര് വിജയിച്ചു എന്നും ഞങ്ങളറിയാറില്ല. ഞങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏക തെളിവായാണ് വോട്ട് ചെയ്യുന്നത്. വോട്ട് ചെയ്തില്ലെങ്കിൽ സർക്കാർ രേഖകളിൽ നിന്ന് പുറത്താവുമെന്ന് അന്ന് ഡ്യൂട്ടിക്ക് വേണ്ടി ഗ്രാമത്തിലെത്തുന്ന ഓഫീസർമാർ പറയും ,ഞങ്ങളെല്ലാവരും ഓടി കൂടി വോട്ട് ചെയ്യും, ശേഷം പെട്ടിയും മെഷീനുകളുമായി അവർ മടങ്ങും,' തകെഹാർഷ് ഗ്രാമത്തിൽ നിന്നുള്ള 52 കാരനായ തുൾസഭായ് ഗംഗാറാം തങ്ങളുടെ നിസ്സഹായാവസ്ഥ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഒരു സർക്കാർ സ്കൂളിലാണ് സാധാരണ പോളിംഗ് നടക്കാറുള്ളത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കൃത്യമായി പോളിംഗ് ഓഫീസർമാർ മലകയറിയെത്തുന്നത് മാത്രമാണ് ഇവിടെ ജനാധിപത്യം. വിധവ പെൻഷൻ, വാർധക്യ പെൻഷൻ പോലെയുള്ള ഒരു ക്ഷേമ പദ്ധതിയും ഗ്രാമത്തിലില്ലെന്ന് ഇവിടുത്ത്കാർ പറഞ്ഞു. ഏക ഉപജീവന മാർഗമായ കൃഷി പക്ഷെ ജല പ്രതിസന്ധി മൂലം ഉപേക്ഷിക്കേണ്ടി വന്നു. മുംബൈ നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന വൈതർണ ഡാമിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിട്ട് പോലും കുടി വെള്ള ആവശ്യത്തിന് പോലും അധികൃതർ നൽകുന്നില്ല എന്നും അവർ പരാതി പറയുന്നു.

നഗരത്തിലേക്കുള്ള വെള്ളമെന്ന് പറഞ്ഞാണ് സ്വന്തം ഗ്രാമത്തിനടുത്തുള്ള തടാക വെള്ളമെടുക്കുന്നതിന് അവരെ വിലക്കുന്നത്. നാപ്കിൻ പാടുകൾ പോലെയുള്ള സംവിധാനങ്ങളെ കുറിച്ചും ഇവിടുത്തെ സ്ത്രീകൾക്കറിയില്ലെന്ന് അവാട്ടെ ബോൽ എന്ന സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമത്തിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. പ്രസവം പോലെയുള്ള ആവശ്യങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെട്ടാണ് ഇവർ ആശുപതിയിലെത്തുന്നത്. കൃത്യമായ ചികിത്സ കിട്ടാതെ നിരവധി ആളുകൾ മരിച്ച സംഭവവും ഗ്രാമത്തിൽ നടക്കാറുണ്ട്. ഗ്രാമീണ തൊഴിൽ സുരക്ഷാ പദ്ധതിയും ഈ ഗ്രാമത്തിലില്ല. എല്ലാ അർത്ഥത്തിലും ഇരുട്ടിലായ അവസ്ഥ.

വോട്ട് ചെയ്തില്ലെങ്കിൽ തങ്ങൾ മരിച്ചുവെന്ന് കരുതുമെന്നോ സർക്കാർ രേഖകളിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുമെന്നോ ഭയന്ന് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകേണ്ടി വരുന്ന മനുഷ്യർ. ഇത്തരത്തിൽ തങ്ങളുടെ അസ്തിത്വം അടയാളപ്പെടുത്താൻ മാത്രം വോട്ട് ചെയ്യുന്ന, ചെയ്യേണ്ടി വരുന്ന തകെഹാർഷ് പോലെ നൂറിനടുത്ത് ഗ്രാമങ്ങളുണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ.

നാലാം തലമുറയുടെ പ്രതിനിധിയായി ഗാന്ധി കുടുംബത്തിൻ്റെ 'ഹൃദയ'ത്തിൽ രാഹുലെത്തുമ്പോൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us