അമരാവതി: കോൺഗ്രസ് വൈഎസ്ആർ വിരുദ്ധരാണെന്നുള്ള പ്രതിച്ഛായ മായ്ച്ചു കളയാൻ ശ്രമം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കടപ്പ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഎസ് ശർമിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി വൈഎസ് രാജശേഖര റെഡ്ഡിയുടെ സമാധി സ്ഥലവും സന്ദർശിച്ചു. 'മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയായ വൈസ് എസ് ആർ രാജ ശേഖര റെഡ്ഡി തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിതാവിന്റെ മരണത്തിന് ശേഷം താൻ വൈഎസ്ആറിന്റെ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നതായും' രാഹുൽ ഗാന്ധി പറഞ്ഞു.
വൈഎസ്ആറിൻ്റെ ആശയങ്ങളും അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും നിലനിർത്താൻ കടപ്പയിൽ നിന്ന് ഷർമിളയെ വിജയിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ചൂണ്ടി കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസും കോൺഗ്രസും വ്യത്യസ്ത ചേരിയിൽ നിന്നാണ് മത്സരിക്കുന്നത്. തന്റെ പിതാവായ രാജശേഖര റെഡ്ഢിയെ കോൺഗ്രസ് വേട്ടയാടിയെന്ന ആരോപണം മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡി കാലങ്ങളായി ഉയർത്തുന്ന പ്രധാന രാഷ്ട്രീയ ആയുധമാണ്. എന്നാൽ വൈഎസ് രാജ ശേഖര റെഡ്ഡി എന്നും കോൺഗ്രസിനൊപ്പമായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്റെ പേരിൽ മകൻ ഉണ്ടാക്കിയ പാർട്ടിയെ തള്ളി പറയുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാറി മാറി വരുന്ന ടിഡിപിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും ഭരണം സംസ്ഥാനത്തെ സാമൂഹികാവസ്ഥ നശിപ്പിച്ചെന്നും രാഹുൽ ആരോപിച്ചു.
വൈഎസ്ആർ എന്ന വൻ മരത്തിന്റെ 'തണലിൽ' അഭയം തേടി കോൺഗ്രസ്; തോറ്റാലും ജയിച്ചാലും ബിജെപിക്ക് നേട്ടം