'കേന്ദ്രവിമർശനമാകാം വരുണിന് സീറ്റ് നിഷേധിക്കാൻ കാരണം'; ആദ്യം വിഷമം തോന്നിയെന്ന് മനേകാ ഗാന്ധി

സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ അമ്മ എന്ന നിലയിൽ തനിക്ക് വിഷമം തോന്നി. പിലിഭിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമ്മഭൂമിയെന്നും മനേകാ ഗാന്ധി പറഞ്ഞു.

dot image

ഡൽഹി: കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതാകാം മകനും ബിജെപി നേതാവുമായ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെന്ന് മനേകാ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മനേകാ ഗാന്ധിക്ക് സീറ്റ് നൽകുകയും വരുണിന് സീറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു. പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുൺ നിരന്തരമായി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. ഇതിൽ പ്രാദേശിക നേതൃത്വത്തിന് പോലും എതിർപ്പുണ്ടായിരുന്നു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനേകാ ഗാന്ധിയുടെ പ്രതികരണം.

സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ അമ്മ എന്ന നിലയിൽ തനിക്ക് വിഷമം തോന്നി. ഇത്തവണയും വരുൺ പിലിഭിത്തിൽ നിന്ന് മത്സരിക്കണമെന്ന് അവിടെ നിന്നുതന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. പിലിഭിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമ്മഭൂമിയെന്നും മനേകാ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും വരുണിന് മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നും തന്റെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾ മാത്രമേ താൻ ഉയർത്തുന്നുള്ളുവെന്നും മനേക പറഞ്ഞു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയാണ് മനേകാ ഗാന്ധി. മെയ് 25ന് നടക്കുന്ന ആറാംഘട്ട തിരഞ്ഞടുപ്പിലാണ് സുൽത്താൻപൂരിൽ പോളിങ്. ആദ്യ ഘട്ടത്തിൽ ഏപ്രിൽ 19ന് പിലിഭിത്തിൽ പോളിങ് നടന്നിരുന്നു.

2019 ൽ 4,59,196 വോട്ടുകൾക്കാണ് മനേകാ ഗാന്ധി ജയിച്ചത്. 4,44,670 വോട്ട് നേടിയ ബിഎസ്പിയുടെ ചന്ദ്ര ഭദ്ര സിങ്ങിനെയാണ് മനേക പരാജയപ്പെടുത്തിയത്. ഇത്തവണ സമാജ് വാദി പാർട്ടിയുടെ റാം ഭുവാൽ നിഷാദിനെയാണ് മനേക നേരിടുന്നത്.

കേന്ദ്രത്തിന്റെയും ഉത്തർപ്രദേശിന്റെയും ഭരണത്തിനെതിരെ വരുൺ നിരന്തരം വിമർശനമുന്നയിച്ചിരുന്നു. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ കർഷകർ നടത്തിയ സമരത്തെ വരുൺ പിന്തുണച്ചിരുന്നു. ലഖിംപൂർ ഖേരി കേസിൽ കേന്ദ്രത്തിനെതിരെ നിലകൊണ്ട വരുൺ പാർട്ടിക്ക് തലവേദനയായിരുന്നു. വരുൺ, തന്റെ പിതൃമാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ 'യഥാർത്ഥ നേതാവ്' എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

വരുൺ എന്ന വിമർശകനെ തഴഞ്ഞു; ഗാന്ധി ബന്ധം മനേകയിൽ ഒതുക്കി ബിജെപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us