വെസ്റ്റ് ബംഗാൾ: മോദി കാലത്തെ പാർലമെന്റ് സമ്മേളനങ്ങളിൽ പ്രതിപക്ഷ നിരയിലെ ശക്തമായ ശബ്ദമായിരുന്നു മഹുവ മൊയ്ത്ര. കൃത്യമായ വസ്തുതകള് നിരത്തിയുള്ള ചോദ്യങ്ങൾ കൊണ്ട് ലോക്സഭയിൽ ബിജെപിക്കും മോദിക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന മഹുവയെ ചോദ്യം ചോദിക്കാൻ പുറത്ത് നിന്നും പണം വാങ്ങി എന്ന ആരോപണത്തെ തുടര്ന്ന് പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ലോക്സഭാ അംഗത്വം സസ്പെൻഡ് ചെയ്തിട്ടും കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ മഹുവ പുറത്ത് നില കൊണ്ടു. അത് കൊണ്ട് തന്നെ മഹുവ മത്സരിക്കുന്ന കൃഷ്ണ നഗർ മണ്ഡലം തൃണമൂലിനും ബിജെപിക്കും ഇത്തവണ അഭിമാന മണ്ഡലമാണ്.
സ്ഥാനാർത്ഥിയായി ബിജെപി ഇവിടെ അവതരിപ്പിച്ചത് അമൃത റോയിയെയാണ്. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ തൃണമൂലിനും മഹുവയ്ക്കും ബിജെപിയേക്കാൾ ഇവിടെ തലവേദനയാകുന്നത് കോൺഗ്രസ്-സിപിഐഎം സഖ്യവും അവരുടെ സ്ഥാനാർഥിയുമാണ്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബംഗാളിൽ പ്രതിപക്ഷ സഖ്യത്തിൽ ഒരുമിച്ച് നിൽക്കാത്തതിനാൽ വേറിട്ടാണ് മത്സരിക്കുന്നത്.
എസ് എം സാധിയാണ് സിപിഐഎമ്മിന്റെ സ്ഥാനാർഥി. മുസ്ലിം സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലാണ് സിപിഐഎം പ്രതീക്ഷ. കഴിഞ്ഞ തവണ ഈ വോട്ടുകൾ സമാഹരിച്ചത് മഹുവ ആയിരുന്നു. മുസ്ലിം വോട്ടുകൾ ഭിന്നിച്ചു കഴിഞ്ഞാൽ അനായാസം വിജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് ബിജെപി. കോൺഗ്രസ്- സിപിഐഎം സഖ്യം നേടുന്ന വോട്ടുകളായിരിക്കും മണ്ഡലത്തിലെ വിജയിയെ തീരുമാനിക്കുക.