ജയ്പൂർ : സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക വൈകല്യമുള്ള ഹൃദയാൻഷ് ശർമ്മയ്ക്ക് വേണ്ടി ക്രൗഡ് ഫണ്ടിംഗ് വഴി പണം സ്വരൂപിച്ചു. അരയ്ക്ക് താഴെയുള്ള എല്ലാ ശരീര പ്രവർത്തനങ്ങളും നഷ്ടപ്പെട്ട 22 മാസം പ്രായമുള്ള ഒരു ആൺകുട്ടിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൗഡ് ഫണ്ടിംഗ് സംഘടിപ്പിച്ചത്. രാജസ്ഥാൻ പൊലീസാണ് ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ ആരംഭിച്ചത്. ₹ 17.5 കോടി ചെലവെറിയ സോൾജെൻസ്മ എന്ന ഒറ്റ ഡോസ് ജീൻ തെറാപ്പിയിലുടെയാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക വൈകല്യത്തെ ചികിത്സിക്കാൻ കഴിയുകയുള്ളു.
കുട്ടിയുടെ ചികിത്സക്ക് വേണ്ടി സോഷ്യൽ മീഡിയയിലും പോസ്റ്റുകൾ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വഴി ക്രിക്കറ്റ് താരം ദീപക് ചാഹർ, നടൻ സോനു സൂദ് എന്നിവർ കാമ്പെയ്നിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജയ്പ്പൂരിലെമ്പാടുമുള്ള ആളുകളിൽ നിന്ന് പണം പിരിക്കാൻ തീരുമാനിച്ചു. പഴം വിൽക്കുന്നവർ, പച്ചക്കറി കച്ചവടക്കാർ, കടയുടമകൾ എന്നിവരിൽ നിന്നും സംഭാവനകൾ ലഭിച്ചു.
വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക സംഘടനകളും പ്രചാരണത്തിന് പണം സ്വരൂപിച്ചു. രാജസ്ഥാനിൽ ആദ്യമായാണ് ഇത്രയും ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 9 കോടി രൂപ സമാഹരിച്ച് ഹൃദയാൻഷിന് ജയ്പൂരിലെ ജെകെ ലോൺ ഹോസ്പിറ്റലിൽ കുത്തിവയ്പ്പ് നൽകി. ബാക്കി തുക മൂന്ന് ഗഡുക്കളായി ഒരു വർഷത്തിനകം നിക്ഷേപിക്കാനാണ് സംഘടനയുടെ തീരുമാനം.