ലഖ്നൗ: ഭര്ത്താവ് 'കുര്ക്കുറെ' വാങ്ങിക്കൊണ്ടുവരാൻ മറന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ വിവാഹമോചനം തേടി യുവതി. ഉത്തര്പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിവാഹമോചനത്തിനായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഭര്ത്താവ് ഒരു ദിവസം 'കുര്ക്കുറെ' വാങ്ങി വരാൻ മറന്നെന്നും അതാണ് പ്രശ്നങ്ങള്ക്ക് കാരണമായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരുവര്ഷം മുമ്പാണ് ഇവർ വിവാഹിതരായത്. തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാദിവസവും 'കുര്ക്കുറെ' വേണമെന്ന് യുവതി ഭര്ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ദിവസവും അഞ്ച് രൂപയുടെ 'കുര്ക്കുറെ' പായ്ക്കറ്റ് വാങ്ങിക്കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്, ഭാര്യ ദിവസവും ഇത്തരം സ്നാക്ക്സ് കഴിക്കുന്നതില് ഭര്ത്താവിന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഭര്ത്താവ് 'കുര്ക്കുറെ' വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇത് ദമ്പതിമാര് തമ്മില് വഴക്കിന് കാരണമായി. പിന്നാലെ യുവതി ഭര്ത്താവിന്റെ അടുത്തുനിന്ന് സ്വന്തം വീട്ടിലേക്ക് പോയെന്നും തുടര്ന്ന് പൊലീസിനെ സമീപിച്ച് പരാതി പറയുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് യുവതിയെത്തിയത്. അതേസമയം, ഭര്ത്താവ് മര്ദിച്ചതിനാലാണ് താന് വീട് വിട്ടിറങ്ങിയതെന്നും യുവതി ആരോപിക്കുന്നു. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പൊലീസ് ദമ്പതിമാരെ കൗണ്സിലിങ്ങിന് അയച്ചെന്നാണ് വിവരം.