'ഭ്രൂണത്തിനും മൗലികാവകാശമുണ്ട്'; ഏഴ് മാസമായ ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി

ജസ്റ്റിസ് ബി ആര് ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്ജി പരിഗണിച്ചത്

dot image

ന്യൂഡൽഹി: ഭ്രൂണത്തിനും മൗലികാവകാശമുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഏഴുമാസം പ്രായമുള്ള ഗര്ഭം അലസിപ്പിക്കാന് അനുവദിക്കണമെന്ന അവിവാഹിതയായ 20കാരിയുടെ ഹര്ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗര്ഭഛിദ്രത്തിനുള്ള ആവശ്യം അനുവദിക്കാതിരുന്ന ദില്ലി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആര് ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്ജി പരിഗണിച്ചത്.

ഗര്ഭാവസ്ഥയിലുള്ള ഭൂണത്തിനും മൗലികാവകാശങ്ങളുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് യുവതിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. മെഡിക്കല് ടെര്മിനേഷന് ഒഫ് പ്രഗനന്സി ആക്ട് അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നായിരുന്നു യുവതിയുടെ അഭിഭാഷകന്റെ നിലപാട്. ഗര്ഭം ഏഴ് മാസമായി എന്ന് ചൂണ്ടിക്കാണിച്ച കോടതി അതിജീവിക്കാനുള്ള കുട്ടിയുടെ അവകാശത്തെപറ്റി എന്താണ് പറയാനുള്ളതെന്നും ചോദിച്ചു. അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നും കോടതി യുവതിയുടെ അഭിഭാഷകനോട് ചോദിച്ചു.

ഹര്ജിക്കാരി കടുത്ത മാനസിക സംഘര്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. അവള്ക്ക് പുറത്തിറങ്ങാന് കഴിയുന്നില്ല. ഹര്ജിക്കാരി നീറ്റ് പരീക്ഷയുടെ ക്ലാസില് പങ്കെടുക്കുകയാണ്. ഈ സാഹചര്യത്തില് സമൂഹത്തെ അഭിമുഖീകരിക്കാന് ഹര്ജിക്കാരിക്ക് സാധിക്കുന്നില്ല എന്നായിരുന്നു അഭിഭാഷകന്റെ വാദം. ഹര്ജിക്കാരിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല് ഈ വാദത്തോടും അനുകൂലമായിട്ടായിരുന്നില്ല കോടതിയുടെ പ്രതികരണം.

ഭ്രൂണത്തിന്റെയും ഹര്ജിക്കാരിയുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കാനായി മെഡിക്കല് ബോര്ഡ് രൂപീകരിക്കാന് ഏപ്രില് 25ന് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസിന് (എയിംസ്) നിര്ദ്ദേശം നല്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഹൈക്കോടതി യുവതിയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഗര്ഭസ്ഥ ശിശുവിന് വൈകല്യങ്ങളില്ലെന്നും ഗര്ഭം തുടരുന്നതില് അമ്മയ്ക്ക് അപകടമില്ലെന്നും മെഡിക്കല് ബോര്ഡിന്റെ റിപ്പോര്ട്ട് പരിശോധിച്ച ഹൈക്കോടതി പറഞ്ഞിരുന്നു.

ഭ്രൂണം സാധാരണ നിലയിലായതിനാല് ഹരജിക്കാരിക്ക് ഗര്ഭാവസ്ഥയില് തുടരാന് അപകടമൊന്നുമില്ലാത്തതിനാല്, ധാര്മ്മികമായോ നിയമപരമായോ ഭ്രൂണഹത്യ അനുവദിക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഏപ്രില് 16ന് അടിവയറ്റില് അസ്വസ്ഥത അനുഭവപ്പെടുകയും അള്ട്രാസൗണ്ട് സ്കാന് ചെയ്തപ്പോള് താന് 27 ആഴ്ച ഗര്ഭിണിയാണെന്നും അത് നിയമപരമായി അനുവദനീയമായ 24 ആഴ്ചയ്ക്കപ്പുറമാണെന്നും ഹരജിക്കാരി ഹൈക്കോടതിയില് നല്കിയ ഹര്ജിയില് പറഞ്ഞിരുന്നു.

ഭ്രൂണത്തിന് അസ്വഭാവികതയോ ഗര്ഭിണിയുടെ ജീവന് അപകടമെന്നോ ഒരു മെഡിക്കല് ബോര്ഡ് കണ്ടെത്തിയാല് 24 ആഴ്ചയില് കൂടുതലുള്ള ഗര്ഭം അലസിപ്പിക്കാന് എംപിടി നിയമപ്രകാരം അനുവദിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us