അമിത് ഷാ ആരെന്ത് ചെയ്യുന്നുവെന്ന് കണ്ണുനട്ടിരിക്കുകയാണ്, പ്രത്യേകിച്ചും സ്ത്രീകള്: പ്രിയങ്ക ഗാന്ധി

എല്ലാ വിവരങ്ങളും കൈവശമുള്ളപ്പോള് അമിത് ഷാ എന്തിനാണ് കള്ളം പറയുന്നത്

dot image

ലഖ്നൗ: തന്റെ തായ്ലാന്ഡ് സന്ദര്ശനത്തിന്റെ വിവരങ്ങള് അമിത് ഷാ അറിഞ്ഞതെങ്ങനെയെന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി. അമിത് ഷാ രാജ്യത്തെ വനിതകളുടെ പ്രവര്ത്തനങ്ങള് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അമിത് ഷാ ആരെന്ത് എപ്പോള് എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ണുനട്ടിരിക്കുകയാണ്, പ്രത്യേകിച്ചും സ്ത്രീകള്. ഏതാനും ദിവസം മുമ്പ് ഞാന് തായ്ലാന്ഡില് എന്റെ മകളെ കാണാന് പോയി. എന്നാല് ഇതിനെ ഒരു തിരഞ്ഞെടുപ്പ് കൂടിക്കാഴ്ചയായാണ് അമിത് ഷാ വിശദീകരിച്ചത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഞാന് തായ്ലാന്ഡിലേക്ക് പോയി. പക്ഷേ ഇത് എങ്ങനെ അറിഞ്ഞെന്ന് അദ്ദേഹം പറയുമോ? എല്ലാ വിവരങ്ങളും കൈവശമുള്ളപ്പോള് അമിത് ഷാ എന്തിനാണ് കള്ളം പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.

നേരത്തെ കോണ്ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷ വിമര്ശനം അമിത് ഷാ ഉയര്ത്തിയിരുന്നു. അതിനോടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഗാന്ധി കുടുംബം അമേഠിയും റായ്ബെറേലിയും സന്ദര്ശിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷായുടെ ആരോപണത്തില് സത്യത്തിന്റെ കണിക പോലുമില്ല എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പില് വിജയം നേടിയതിന് ശേഷം അമേഠിയെയും റായ്ബെറേലിയെയും കോണ്ഗ്രസ് അവഗണിച്ചുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. വിജയിച്ചതിന് ശേഷം സോണിയ ഗാന്ധിയും കുടുംബവും നിങ്ങളെ കാണാനെത്തിയെന്നായിരുന്നു റായ്ബറേലിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില് അമിത് ഷാ ജനങ്ങളോട് ചോദിച്ചത്. സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല് പ്രിയങ്കയുടെയും രാഹുലിന്റെയും കാര്യമെന്താണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങള്ക്കിടയില് മണ്ഡലത്തില് നിര്ഭാഗ്യകരമായ നിരവധി സംഭവങ്ങളുണ്ടായി. ഗാന്ധി കുടുംബം ഒരിക്കലെങ്കിലും ഇവിടെ വന്നോ എന്നും അമിത് ഷാ ചോദിച്ചു.

റായ്ബറേലിക്ക് കോണ്ഗ്രസ് നല്കിയ സംഭാവനകള് ചൂണ്ടിക്കാണിച്ചായിരുന്നു പ്രിയങ്ക ഗാന്ധി അമിത് ഷായുടെ വിമര്ശനങ്ങള്ക്ക് മറുപടി നല്കിയത്. റെയില് കോച്ച് ഫാക്ടറിയും എയിംസും അടക്കം റായ്ബറേലിയില് കൊണ്ടുവന്ന വികസന പദ്ധതികളും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. ഗംഗാ ബ്രിഡ്ജ്, ലഖ്നൗ-റായ്ബറേലി നാലുവരി പാത, റിങ്ങ് റോഡ്, അഞ്ച് ദേശീയ പാതകള് എന്നിവയും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. ഞങ്ങള് മോട്ടോര് ഡ്രൈവിങ്ങ് സ്കൂള് ആരംഭിച്ചു, അവര് അത് അടച്ചു, ഞങ്ങള് സ്പൈസസ് പാര്ക്ക് തുറന്നു, അവര് അടച്ചുവെന്നും പ്രിയങ്ക പരിഹസിച്ചു. റായ്ബറേലിയ്ക്ക് നല്കിയ പദ്ധതികള് ചൂണ്ടിക്കാണിച്ച പ്രിയങ്ക ബിജെപി റായ്ബറേലിയ്ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും ചോദിച്ചു. റായ്ബറേലിയിലെ കോണ്ഗ്രസ് പ്രചാരണത്തിന്റെ കുന്തമുനയാണ് പ്രിയങ്ക ഗാന്ധി. മെയ് 20ന് അഞ്ചാംഘട്ടത്തിലാണ് റായ്ബറേലിയില് വോട്ടെടുപ്പ്.

dot image
To advertise here,contact us
dot image