മുംബൈ: പ്രസവാവധിയെടുത്ത് വിശ്രമിക്കുന്നതിനിടെ കൗതുകത്തിനായി ഓൺലൈൻ ജോലി ചെയ്ത യുവതിക്ക് നഷ്ടമായത് 54 ലക്ഷം രൂപ. നവി മുംബൈ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. പ്രസവാവധിയെടുത്ത് വീട്ടിൽ ഇരുന്ന യുവതി കൂടുതൽ പണം സമ്പാദിക്കാനായാണ് ഓൺലൈൻ ജോലികൾ അന്വേഷിച്ചത്. ഇതെ തുടർന്നാണ് യുവതി ജോലി ചെയ്യാൻ ആരംഭിച്ചതും. പ്രതിഫലമായി നല്ല ഒരു തുകയാണ് യുവതിക്ക് ഇവർ വാഗ്ദാനം ചെയ്തത്.
യുവതിയുമായി ബന്ധപ്പെട്ട വ്യക്തിയും വിശ്വസ്തമായ രീതിയിൽ തന്നെയാണ് ഇവരോട് സംസാരിച്ചതും. ഇവരെ വിശ്വാസത്തിൽ എടുത്ത യുവതി ജോലി ആരംഭിക്കുകയും ചെയ്തു. ജോലിക്കിടെ തട്ടിപ്പുകാർ യുവതിക്ക് നിർദ്ദേശങ്ങൾ നൽകുകയും ഹോട്ടലുകൾ റേറ്റ് ചെയ്യാൻ ലിങ്കുകൾ നൽകുകയും ചെയ്തു. പിന്നീട് വലിയ രീതിയിലുള്ള വരുമാനം നൽകാമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. യുവതി വിവിധ അക്കൗണ്ടുകളിലായി ഏകദേശം 54,30,000 രൂപ നിക്ഷേപിച്ചു.
എന്നാൽ പണം നിക്ഷേപിച്ചതിന് ശേഷം തട്ടിപ്പുകാർ രംഗത്ത് വന്നിട്ടില്ല. ഇവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ യുവതിക്ക് ഇവരെ ബന്ധപ്പെടാനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തട്ടിപ്പുകാർ കടന്ന് കളയുകയായിരുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ യുവതി ഉടൻ തന്നെ മുംബൈ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പൊലീസ് നാല് പേർക്കെതിരെ കേസ് എടുത്തു. നിരവധി പേരാണ് ദിനം പ്രതി ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടും. പണം ലഭിച്ചു കഴിഞ്ഞാൽ പിന്നീട് മുങ്ങും. ഇത്തരത്തിൽ ഇന്ത്യയിൽ ഉടനീളം ജോലി വാഗ്ദാനം ചെയ്ത് പലരും പണം തട്ടിയെടുക്കുന്നത് സ്ഥിരമായി കണ്ടുവരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു.
അമിത് ഷാ ആരെന്ത് ചെയ്യുന്നുവെന്ന് കണ്ണുനട്ടിരിക്കുകയാണ്, പ്രത്യേകിച്ചും സ്ത്രീകള്: പ്രിയങ്ക ഗാന്ധി