കൊച്ചി: ദക്ഷിണേന്ത്യ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം നടക്കാൻ പോകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്മ്മല സീതാരാമന്റെ ഭര്ത്താവുമായ പരകാല പ്രഭാകര്. കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സീറ്റ് നേടാനായി വലിയ പരിശ്രമം നടത്തിയെങ്കിലും ഫലം കാണില്ലെന്നാണ് പരകാല പ്രഭാകറിന്റെ നിരീക്ഷണം. ദി വയറിന് വേണ്ടി കരണ് താപ്പര് നടത്തിയ അഭിമുഖത്തിലായിരുന്നു പരകാല പ്രഭാകര് നിലപാട് വ്യക്തമാക്കിയത്.
2019ൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ തമിഴ്നാട്ടിലും ബിജെപിക്ക് തിരിച്ചടി സംഭവിക്കുമെന്നാണ് പരകാല പ്രഭാകർ വ്യക്തമാക്കുന്നത്. തെലങ്കാനയില് ബിജെപി നാല് സീറ്റുകള് നിലനിര്ത്താന് ബുദ്ധിമുട്ടുമെന്ന് പരകാല പ്രഭാകര് നിരീക്ഷിച്ചു. കർണാടകയിലെ സിറ്റിങ്ങ് സീറ്റുകളില് 12 മുതല് 15 വരെ സീറ്റുകള് ബിജെപിക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിരീക്ഷണം. തെലങ്കാനയില് നാല് സീറ്റുകള് നിലനിര്ത്താന് സാധിച്ചാല് തന്നെ ബിജെപിക്ക് നേട്ടമാണ്. ആന്ധ്രയില് തെലുങ്ക് ദേശവുമായി സഖ്യത്തിലുള്ള ബിജെപി ലോക്സഭയിലേയ്ക്ക് പരമാവധി ഒരു സീറ്റില് മാത്രം വിജയിക്കുമെന്നും പരകാല പ്രഭാകര് അഭിപ്രായപ്പെട്ടു. തെലങ്കാനയില് നിന്നും ആന്ധ്രയില് നിന്നുമായി പരമാവധി അഞ്ച് സീറ്റില് കൂടുതൽ ബിജെപി നേടില്ലെന്നാണ് പരകാല പ്രഭാകറിന്റെ നിരീക്ഷണം.
തെക്കേ ഇന്ത്യയില് നിന്ന് ബിജെപിക്ക് പരമാവധി 17 സീറ്റുകള് മാത്രം ലഭിക്കാനാണ് സാധ്യതയെന്നാണ് പരകാല പ്രഭാകരിന്റെ നിഗമനം. തെക്കേ ഇന്ത്യയില് നിലവിൽ കൈവശമുള്ള 12 മുതല് 15 സീറ്റുകള് ബിജെപിക്ക് നഷ്ടമാകുമെന്ന നിരീക്ഷണമാണ് പരകാല പ്രഭാകര് നടത്തുന്നത്. തെക്കേ ഇന്ത്യയില് മുന്നേറ്റമുണ്ടാക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ നിരാകരിക്കുന്നതാണ് പരകാല പ്രഭാകറിന്റെ ഈ നിരീക്ഷണം.
പൊതുതിരഞ്ഞെടുപ്പില് ബിജെപിക്ക് 200 മുതല് 220 സീറ്റുകള് വരെ മാത്രമെ ലഭിക്കൂ എന്നും ഡോ. പരകാല പ്രഭാകര് അഭിപ്രായപ്പെട്ടിരുന്നു. എന്ഡിഎയ്ക്ക് 272 സീറ്റുകള്ക്ക് താഴെ മാത്രമേ നേടാന് കഴിയൂ എന്നും പ്രഭാകര് വ്യക്തമാക്കി. ബിജെപിയുടെ സഖ്യകക്ഷികള്ക്ക് 35 മുതല് 42വരെ സീറ്റുകള് ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ എൻഡിഎയ്ക്ക് എത്തിച്ചേരാൻ കഴിയൂ. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്.