വീശിയത് അതിശക്തമായ സൗര കൊടുങ്കാറ്റ്; ഇന്ത്യന് സാറ്റലൈറ്റുകളെ ഐഎസ്ആര്ഒ സംരക്ഷിച്ചത് ഇങ്ങനെ

സൗര കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നതോടെ സാറ്റലൈറ്റുകളുടെ ഭാവിയും ആശങ്കയിലായിരുന്നു

dot image

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ് മെയ് 8, 9 തീയതികളില് ഭൂമിയില് പതിച്ചത്. 2003ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ സൗര കൊടുങ്കാറ്റായിരുന്നു ഇതെന്നാണ് ഐഎസ്ആര്ഒ വിശേഷിപ്പിച്ചത്. രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാകും വീശുകയെന്നും നാവിഗേഷന് സംവിധാനങ്ങള്, ലോകമെമ്പാടുമുള്ള ഉയര്ന്ന ഫ്രീക്വന്സി റേഡിയോ എന്നിവയ്ക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചുവെന്ന് ഐഎസ്ആര്ഒ വ്യക്തമാക്കിയിട്ടുണ്ട്. ഭൗമകാന്തിക തരംഗങ്ങള്, ആശയവിനിമയ, ജിപിഎസ് സംവിധാനങ്ങളെയും ബാധിച്ചു. ഇന്ത്യന് പ്രദേശങ്ങളെ ഏറ്റവും ചെറിയ രീതിയിലാണ് ഇത് ബാധിച്ചതെന്നും ഐഎസ്ആര്ഒ വ്യക്തമാക്കി. ഭൂമിയെ മാത്രമല്ല ബഹിരാകാശ പേടകങ്ങളെയും സാറ്റലൈറ്റുകളെയും വരെ സൗരകൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അന്പതോളം സാറ്റലൈറ്റുകളാണ് ബഹിരാകാശത്തുള്ളത്. സൗര കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നതോടെ ഇവയുടെ ഭാവിയും ആശങ്കയിലായിരുന്നു.

മുന്നറിയിപ്പ് വന്നതിന് പിന്നാലെ തന്നെ, കര്ണാടകയിലും മധ്യപ്രദേശിലുമുള്ള ഐഎസ്ആര്ഒയുടെ മാസ്റ്റര് കണ്ട്രോള് ഫെസിലിറ്റി, സാറ്റലൈറ്റുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. സാറ്റലൈറ്റുകളുമായി ബന്ധപ്പെട്ട പ്രാരംഭ ഭ്രമണ പഥം ഉയര്ത്തല്, ഇന്-ഓര്ബിറ്റ് പേലോഡ് ടെസ്റ്റിങ്, ഓണ്-ഓര്ബിറ്റ് ഓപ്പറേഷന്സ് തുടങ്ങി ട്രാക്കിങും, ടെലിമെട്രി, കമാന്ഡിങ് ഉള്പ്പെടെ ഇവിടെയാണ് നടക്കുന്നത്.

സൗര കൊടുങ്കാറ്റ് സംബന്ധിച്ച് സൂചന ലഭിച്ചതോടെ എംസിഎഫ് ടീം ജാഗ്രതയിലായിരുന്നു. സൗര കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ബഹിരാകാശ പേടകങ്ങളിലുണ്ടായ ചെറിയ മാറ്റങ്ങള് നേരിയ ആശങ്ക ഉയര്ത്തിയിരുന്നു. കമാന്ഡ് അഡ്ജസ്റ്റ്മെന്റിലൂടെയുള്ള നിയന്ത്രണത്തിന് ഇത് ടീമിനെ പ്രേരിപ്പിച്ചു. ഒരുഘട്ടത്തില് സാറ്റലൈറ്റുകളുടെ സന്തുലിതാവസ്ഥ ഭീഷണിയിലായെങ്കിലും ഐഎസ്ആര്ഒയുടെ മുന്കരുതല് പ്രവര്ത്തനങ്ങള് രക്ഷയായി. സൂക്ഷ്മതയോടെയും ദീര്ഘവീക്ഷണത്തോടെയും, മുന്കരുതല് നടപടിയായി ചില സെന്സറുകള് നിര്ജ്ജീവമാക്കിയിരുന്നു. ഇതിലൂടെ നിര്ണായക സംവിധാനങ്ങളുടെ തുടര്ച്ചയായ പ്രവര്ത്തനക്ഷമത ഉറപ്പാക്കുകയായിരുന്നു.

മാത്രമല്ല, ഐഎസ്ആര്ഒയുടെ ജിയോസ്റ്റേഷനറി സാറ്റലൈറ്റുകളുടെ പ്രവര്ത്തനം സുസ്ഥിരമായിരുന്നു. എര്ത്ത് ഒബ്സര്വേഷന് സാറ്റലൈറ്റുകളുടെ പ്രവര്ത്തനത്തെയും സൗര കൊടുങ്കാറ്റ് ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും സൗര കൊടുങ്കാറ്റ് ആഘാതങ്ങളുണ്ടാക്കാതെയല്ല കടന്നുപോയതെന്ന് ഐഎസ്ആര്ഒ വൃത്തങ്ങള് വ്യക്തമാക്കുന്നു. ഇതിന്ഫലമായി അന്തരീക്ഷ സാന്ദ്രത വര്ധിച്ചു, സാറ്റലൈറ്റുകളുടെ സ്ഥാനങ്ങളില് നേരിയ വ്യത്യാസമുണ്ടായി, ഇത് വേഗത്തിലുള്ള ഇടപെടല് ആവശ്യപ്പെടുന്നതായിരുന്നു. ഇന്ത്യന് നാവിഗേഷന് സാറ്റലൈറ്റ് സിസ്റ്റങ്ങളിലും കാര്യമായ കേടുപാടുകള് ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ സൗരകൊടുങ്കാറ്റില് നിന്നുള്ള ആഘാതം നിസാരമായിരുന്നുവെന്നാണ് ഐഎസ്ആര്ഒ വൃത്തങ്ങള് വ്യക്തമാക്കുന്നത്.

വിവാഹ ആഘോഷങ്ങള്ക്കിടെ കുഞ്ഞിനെ കാറില് മറന്നു; മൂന്ന് വയസുകാരി ശ്വാസംമുട്ടി മരിച്ചു
dot image
To advertise here,contact us
dot image