കൊച്ചി: ഉത്തരേന്ത്യയിൽ ബിജെപിക്ക് അടിപതറുമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്മ്മല സീതാരാമന്റെ ഭര്ത്താവുമായ പരകാല പ്രഭാകര്. വടക്കു കിഴക്കന് ഇന്ത്യയും അസമും ഉള്പ്പെടെ വടക്കേ ഇന്ത്യയില് ബിജെപിക്ക് 80 മുതല് 95 സീറ്റ് വരെ നഷ്ടമാകുമെന്നാണ് പരകാല പ്രഭാകര് വിലയിരുത്തുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് പല സിറ്റിങ്ങ് സീറ്റുകളും നഷ്ടമാകുമെന്ന് പരകാല പ്രഭാകർ നിരീക്ഷിക്കുന്നു. വടക്കേ ഇന്ത്യയില് ബിജെപിക്ക് കൂടുതല് സീറ്റുകള് നേടാന് സാധിക്കില്ലെന്നും നിലവിലെ സീറ്റുകള് നിലനിര്ത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദി വയറിന് വേണ്ടി കരണ് താപ്പര് നടത്തിയ അഭിമുഖത്തിലായിരുന്നു പരകാല പ്രഭാകര് നിലപാട് വ്യക്തമാക്കിയത്.
ഉത്തർപ്രദേശിൽ ബിജെപിക്ക് പരമാവധി 50 സീറ്റ് നേടാനേ സാധിക്കൂ എന്നാണ് പരകാല പ്രഭാകറിൻ്റെ വിലയിരുത്തൽ. യുപിയിൽ ബിജെപിക്ക് 12ഓളം സീറ്റുകള് നഷ്ടപ്പെട്ടേക്കാമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് പരകാല പ്രഭാകര് നിരീക്ഷിക്കുന്നത്. ഗുജറാത്തില് ബിജെപിക്ക് അഞ്ച് സീറ്റുകള് വരെ നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ബിഹാറില് ബിജെപിക്ക് ആറ് മുതല് ഏഴ് വരെ സിറ്റിങ്ങ് നഷ്ടപ്പെടുമെന്നും പരകാല പ്രഭാകര് ചൂണ്ടിക്കാണിക്കുന്നു.
രാജസ്ഥാനില് ബിജെപിക്ക് അഞ്ച് സീറ്റുകളും മധ്യപ്രദേശില് മൂന്ന് സീറ്റുകളും ജാര്ഖണ്ഡിലും ചത്തീസ്ഗഡിലുമായി 10ല് കൂടുതല് സീറ്റുകളും ഹരിയാനയില് ഏഴ് മുതല് എട്ടുവരെ സീറ്റുകളും നഷ്ടമാകുമെന്ന് പരകാല പ്രഭാകര് നിരീക്ഷിച്ചു. ആകെ ഏഴു സീറ്റുകളുള്ള ഡല്ഹിയില് ബിജെപിക്ക് അഞ്ച് മുതല് ആറ് സീറ്റുകള് വരെ നഷ്ടപ്പെടുമെന്നാണ് അദ്ദേഹം കണക്കാക്കുന്നത്. ഈ നിലയില് ഹിന്ദി ഹൃദയഭൂമിയിലെ ആറ് സംസ്ഥാനങ്ങളില് നിന്നായി ബിജെപിക്ക് നിലവിലുള്ള 30 സിറ്റിങ്ങ് സീറ്റുകള് നഷ്ടമാകുമെന്നും പരകാല പ്രഭാകര് നിരീക്ഷിക്കുന്നു.
മഹാരാഷ്ട്രയില് ബിജെപിക്ക് നിലിവുള്ള സീറ്റുകളില് 12 സീറ്റുകളോളം നഷ്ടമാകുമെന്നാണ് പരകാല പ്രഭാകറിന്റെ നിരീക്ഷണം. ബംഗാളില് ബിജെപിക്ക് നാലോ അഞ്ചോ സീറ്റുകള് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളില് സിപിഐഎം-കോണ്ഗ്രസ് സഖ്യത്തിന് മുന്നേറ്റമുണ്ടാകുമെന്നും പരകാല പ്രഭാകര് നിരീക്ഷിക്കുന്നുണ്ട്. അസമിലും വടക്കുകിഴക്കന് സംസ്ഥാനങ്ങളിലും ബിജെപിക്ക് നഷ്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒറീസയിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് പരകാല പ്രഭാകറിന്റെ നിരീക്ഷണം. ദക്ഷിണേന്ത്യയില് പരമാധി 15 സീറ്റുകള് വരെ ബിജെപിക്ക് നഷ്ടമാകുമെന്ന് പരകാല പ്രഭാകര് സൂചിപ്പിച്ചിരുന്നു. പരകാല പ്രഭാകര് പറയുന്ന കണക്കുകള് പ്രകാരം രാജ്യവ്യാപകമായി ബിജെപിക്ക് പരമാവധി 102 സീറ്റുകള് വരെ നഷ്ടപ്പെട്ടേക്കാം.
പൊതുതിരഞ്ഞെടുപ്പില് ബിജെപിക്ക് 200 മുതല് 220 സീറ്റുകള് വരെ മാത്രമെ ലഭിക്കൂ എന്നും ഡോ. പരകാല പ്രഭാകര് അഭിപ്രായപ്പെട്ടിരുന്നു. എന്ഡിഎയ്ക്ക് 272 സീറ്റുകള്ക്ക് താഴെ മാത്രമേ നേടാന് കഴിയൂ എന്നും പ്രഭാകര് വ്യക്തമാക്കി. ബിജെപിയുടെ സഖ്യകക്ഷികള്ക്ക് 35 മുതല് 42വരെ സീറ്റുകള് ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ എൻഡിഎയ്ക്ക് എത്തിച്ചേരാൻ കഴിയൂ. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്.