'ആളുകളെ ഭയപ്പെടുത്താന് അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്ഡിയന്

എല്ലാ ജനാധിപത്യ, നിയമ വ്യവസ്ഥകളെയും ഭയത്തിന്റെയും സന്ദേഹങ്ങളുടെയും നിഴലില് നിര്ത്താന് അമിത് ഷായ്ക്ക് സാധിച്ചതെങ്ങിനെയെന്ന് ഗാര്ഡിയന് ലേഖനം വ്യക്തമാക്കുന്നുണ്ട്

dot image

ദല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുസരിച്ച് രാജ്യത്തെ പുനര്നിര്മിക്കുന്നതില് പ്രധാനിയെന്ന് വിലയിരുത്തി 'ദ ഗാര്ഡിയന്റെ' ലേഖനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്തത സഹചാരിയും നിലവില് ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തില് രണ്ടാമനുമായ അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്രമായി ക്രോഡീകരിച്ച ലേഖനം അന്താരാഷ്ട്ര തലത്തില് ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഗാര്ഡിയന് ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത് എന്നതുകൂടിയാണ് പ്രത്യേകത. മോദിയുടെ വലംകൈയായി നിന്ന് അമിത് ഷാ നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ചാണ് ലേഖനം മുഖ്യമായും പ്രതിപാദിക്കുന്നത്. നേരത്തെ 'ദ കാരവന്' മാസികയില് പ്രവര്ത്തിച്ചിരുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ദില്ലിയില് പത്രപ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്ന അതുല് ദേവ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.

2005ലെ സൊറാബുദ്ദീന് ഷെയ്ക് വ്യാജ ഏറ്റുമുട്ടല് കേസ് മുതല് ജസ്റ്റിസ് ലോയ കൊലപാതകം വരെ അമിത് ഷാ നേരിട്ട് ഇടപെട്ട നിരവധി കേസുകളെക്കുറിച്ച് ഗാര്ഡിയന് ഈ ലേഖനത്തില് വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലത്തെ മോദി ഭരണത്തില്, അമിത് ഷായുടെ കാര്മ്മികത്വത്തില്, എല്ലാ ജനാധിപത്യ, നിയമ വ്യവസ്ഥകളെയും ഭയത്തിന്റെയും സന്ദേഹങ്ങളുടെയും നിഴലില് നിര്ത്താന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് സാധിച്ചതെങ്ങിനെയെന്ന് ഗാര്ഡിയന് ലേഖനം വ്യക്തമാക്കുന്നുണ്ട്. ഗുജറാത്തില് നിന്നുള്ള ഒരു സാധാരണ രാഷ്ട്രീയക്കാരനില് നിന്ന് ഇന്ത്യന് രാഷ്ട്രീയത്തില് രണ്ടാമനായി മാറുന്നതിലേക്കുള്ള അമിത്ഷായുടെ ജീവിതവഴികളിലെ ഇരുട്ട് നിറഞ്ഞ അധ്യായങ്ങളെയും മോദി അമിത്ഷാ ബാന്ധവത്തിന്റെ നിഗൂഢമായ താത്പര്യങ്ങളെയുമെല്ലാം ലേഖനം വ്യക്തമായി പരമാര്ശിക്കുന്നുണ്ട്.

ഗാര്ഡിയന് ലേഖനത്തിലെ അവസാന ഭാഗത്ത് അതുല് ദേവ് ഇങ്ങനെ കുറിക്കുന്നു:

'കഴിഞ്ഞ ദശകത്തില്, ഞാന് ദല്ഹിയില് ജോലി ചെയ്യുമ്പോഴും ജുഡീഷ്യറിയെ കവര് ചെയ്യുമ്പോഴും സുപ്രീം കോടതി ജഡ്ജിമാരുമായി നിരവധി ഓഫ് ദി റെക്കോര്ഡ് മീറ്റിംഗുകള് നടത്തുകയുണ്ടായിട്ടുണ്ട്. തുടക്കത്തില്, പൊതുജനങ്ങള് അറിയേണ്ട വിവരങ്ങള് വെളിപ്പെടുത്താന് അവര് ആഗ്രഹിക്കുന്നുവെന്നാണ് ഞാന് കരുതിയത്. എന്നാല് ഈ മീറ്റിംഗുകള് പലപ്പോഴും മൂന്ന് മണിക്കൂറുകള് നീളുന്ന സംഭാഷണങ്ങളായി മാറി, ചിലപ്പോള് അത് അത്താഴം വരെ നീണ്ടു. ഒരു രാത്രി, വൈകി, സെന്ട്രല് ദല്ഹിയിലെ ഒരു ബംഗ്ലാവില് നിന്ന് ഇറങ്ങിയപ്പോള്, അവര് എന്നെ ക്ഷണിക്കുന്നതിന്റെ കാരണം എനിക്ക് പിടികിട്ടി; അവരെക്കാള് കൂടുതല് കാര്യങ്ങള് എനിക്ക് അറിയാമെന്ന് ഈ ജഡ്ജിമാര് കരുതുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്ക്ക് തന്നെ സുപ്രീം കോടതിയില് എന്താണ് നടക്കുന്നതെന്ന് വ്യക്തമായ ധാരണയില്ലെന്നത് എന്നില് കടുത്ത അസ്വസ്ഥതയുണ്ടാക്കി. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം തന്നെ, ആര്ക്കും എടുക്കാവുന്ന രീതിയില്, വായുവില് പൊങ്ങിക്കിടക്കുകയാണെന്ന് ആ നിമിഷം ഞാന് മനസ്സിലാക്കി.''

ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ തുടങ്ങി ഇന്ത്യന് രാഷ്ട്രീയ-ഭരണയന്ത്രത്തിന്റെ സമസ്ത മേഖലകളെയും വളരെ ദൃശ്യമായ കൈകളാല്ത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ് അമിത് ഷാ എന്നാണ് ഗാര്ഡിയന് ലേഖനത്തില് പറയുന്നത്.

dot image
To advertise here,contact us
dot image