
ന്യൂഡൽഹി: ബിജെപിയുടെ സിറ്റിങ്ങ് എം പി മനോജ് തിവാരിയാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് നേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്തതെന്ന് വടക്ക് കിഴക്കന് ദില്ലിയിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി കനയ്യ കുമാര്. എം പിയെന്ന നിലയില് മണ്ഡലത്തില് ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് മനോജ് തിവാരി എതിരാളികളെ ശാരീരികമായി ആക്രമിക്കാന് തയ്യാറാകുന്നതെന്നും കനയ്യ ആരോപിച്ചു. എത്ര ആക്രമിച്ചാലും അതില് ഭയപ്പെടില്ലെന്നും കനയ്യ വ്യക്തമാക്കി. എൻഡിടിവിയോട് പ്രതികരിക്കുകയായിരുന്നു കനയ്യ കുമാർ.
'മനോജ് തിവാരി സ്വയം ഒരു ബിഹാറിയാണെന്നാണ് അവകാശപ്പെടുന്നത്. ഒരു ബിഹാറി മറ്റൊരു ബിഹാറിയെ പുറത്ത് നിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുന്നത് നാണക്കേടാണെ'ന്നും കനയ്യ പറഞ്ഞു. താന് പ്രധാനമന്ത്രിയോട് എന്ത് പറയാനാണെന്ന് ഒരു ചോദ്യത്തോട് കനയ്യ കുമാര് പ്രതികരിച്ചു. ഞാന് ഒരു സാധരണ നഗരവാസിയാണ്. നരേന്ദ്രമോദി രണ്ട് തവണയായി പ്രധാനമന്ത്രിയാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഗുണ്ടകള് ഒരു സ്ത്രീയെയും ഒരു ജനപ്രതിനിധിയെയും ആക്രമിച്ചു. ബിജെപിക്കാര് വിടുന്ന ഗുണ്ടകള് സ്ത്രീകളെ ആക്രമിക്കുകയാണ്. ഇത് ദു:ഖകരമാണ് എന്നാണ് ബോട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് പറയുന്ന പ്രധാനമന്ത്രിയോട് പറയാനുള്ളതെന്നും കനയ്യ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പില് ജനങ്ങള് ഗുണ്ടകളുടെ അതിക്രമത്തിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും കനയ്യ ചൂണ്ടിക്കാണിച്ചു.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിനെ മർദിച്ച പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ എടുത്തതാണ് ഈ വീഡിയോയെന്നാണ് സൂചന. ഈ വീഡിയോയിൽ കനയ്യ കുമാറിനെ ആക്രമിച്ചതായി പ്രതികൾ സമ്മതിക്കുന്നുണ്ട്. രാജ്യത്തെ വിഭജിക്കുമെന്ന് സംസാരിച്ചവരെ ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുവെന്ന് കനയ്യ കുമാറിനെ ആക്രമിച്ച യുവാവ് പറയുന്നതും വീഡിയോയിലുണ്ട്.