അഞ്ചാംഘട്ട വോട്ടെടുപ്പ്; അമേഠിയും റായ്ബറേലിയും ശ്രദ്ധാകേന്ദ്രം

നാളെ വോട്ടെടുപ്പ് നടക്കുക എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്

dot image

ന്യൂഡല്ഹി: നാളെ നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പില് രാജ്യത്തെ ശ്രദ്ധാകേന്ദ്ര മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും. മഹാരാഷ്ട്ര, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളും നാളെ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്പ്പെടും. പരമ്പരാഗത ശക്തി കേന്ദ്രമായി അറിയപ്പെടുന്ന അമേഠി തിരികെ പിടിക്കുകയും റായ്ബറേലി നിലനിര്ത്തുകയും വേണമെന്നതാണ് കോണ്ഗ്രസിന് മുന്നിലെ വെല്ലുവിളി. രാമക്ഷേത്രം ഉള്പ്പെടുന്ന ഫൈസാബാദില് കൂടുതല് തിളക്കമാര്ന്ന വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയില് മുംബൈ മേഖലയിലെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ യഥാര്ത്ഥ ശിവസേന ആരാണെന്ന മാറ്റുരയ്ക്കലാകും നടക്കുക.

യുപിയില് നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന 14ല് 13ഉം ബിജെപി സിറ്റിംഗ് സീറ്റുകളാണ്. ലക്നൗ, കൈസര്ഗഞ്ച് അടക്കമുള്ള കോട്ടകള് ഇളകില്ലെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ചോദ്യങ്ങളെല്ലാം അമേഠി, റായ്ബറേലി സീറ്റുകളെ കേന്ദ്രീകരിച്ചാണ്. സോണിയ ഗാന്ധി മകന് രാഹുലിനെ ഏല്പ്പിച്ച റായ്ബറേലിയില് ചുരുങ്ങിയ ദിവസം കൊണ്ട് ആവേശമുണ്ടാക്കാന് കോണ്ഗ്രസിനായിട്ടുണ്ട്. എന്നാല് 2019ല് സോണിയയുടെ ഭൂരിപക്ഷം കുത്തനെ കുറച്ച ദിനേശ് പ്രതാപ് സിംഗിനെ വിലകുറച്ച് കാണുന്നില്ല. അമേഠിയില് സ്മൃതി ഇറാനിക്ക് മേല്ക്കൈ ഉണ്ട്. ബിജെപി തരംഗം ഇല്ലാതിരിക്കുകയും കഴിഞ്ഞ തവണ രാഹുലിന്റെ പെട്ടിയിലേക്ക് വീഴാതിരുന്ന മുഴുവന് എസ്പി വോട്ടുകളും ലഭിച്ചാല് കിഷോരി ലാല് ശര്മയ്ക്ക് അത്ഭുതം സൃഷ്ടിക്കാന് കഴിയും.

ലൈംഗിക പീഡന പരാതിയെ തുടര്ന്ന് ബ്രിജ് ഭൂഷണ് ശരണ് സിംഗിന് പകരം മകനെ ഇറക്കിയാണ് കൈസര്ഗഞ്ചില് ബിജെപി പരീക്ഷണം. മുംബൈ നഗര മേഖലയിലെ മുഴുവന് സീറ്റുകളിലും ഒരുമിച്ചാണ് നാളെ വോട്ടെടുപ്പ്. ശിവസേനയുടെ തട്ടകമെന്ന് അറിയപ്പെടുന്ന മേഖലകളാണിത്. ശിവസേന പിളര്ന്ന ശേഷം കരുത്ത് ഷിന്ഡെ പക്ഷ ശിവസേനക്കോ അതോ ഉദ്ധവ് പക്ഷ ശിവസേനക്കോ എന്നതാണ് ജനവിധിയിലൂടെ വ്യക്തമാവുക. ഇരുകൂട്ടരും ചില സീറ്റുകളില് മാത്രമാണ് നേര്ക്കുനേര് ഏറ്റുമുട്ടുന്നത്. പശ്ചിമബംഗാളിലെ ഏഴില് ആറു സീറ്റുകളിലും ബിജെപി, തൃണമൂല് പോരാട്ടമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

രാഹുല് ഗാന്ധിക്കും സ്മൃതി ഇറാനിക്കും പുറമേ രാജ്നാഥ് സിങ്, പീയുഷ് ഗോയല്, ചിരാഗ് പസ്വാന്, രാജീവ് പ്രതാപ് റൂഡി, ഉമര് അബ്ദുല്ല തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തില് ജനവിധി തേടുന്ന പ്രമുഖര്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ലഖ്നോവില് നിന്നാണ് മൂന്നാം തവണയും ജനവിധി തേടുന്നത്. മഹാരാഷ്ട്രയിലെ മുംബൈ നോര്ത്തിലാണ് ബിജെപി നേതാവ് പീയുഷ് ഗോയല് മത്സരിക്കുന്നത്. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലാണ് നാഷണല് കോണ്ഫറന്സ് നേതാവ് ഉമര് അബ്ദുല്ല മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image