അഞ്ചാംഘട്ട വിധിനിർണ്ണയം; മൂന്നിടങ്ങളിൽ പിൻഗാമികളാകാൻ മക്കളിറങ്ങുന്നു; മൂന്ന് 'മന്ത്രി മണ്ഡലങ്ങൾ'

രാഹുല് ഗാന്ധി, രാജ്നാഥ് സിങ്ങ്, സ്മൃതി ഇറാനി അടക്കം നിരവധി പ്രമുഖരാണ് അഞ്ചാംഘട്ടത്തില് ജനവിധി തേടുന്നത്

dot image

മെയ് 20നാണ് രാജ്യത്ത് അഞ്ചാംഘട്ട പോളിങ്ങ് നടക്കുന്നത്. ആദ്യ നാല്ഘട്ട പോളിങ്ങ് കഴിയുമ്പോള് ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎയ്ക്ക് ഇന്ഡ്യ സഖ്യം കനത്ത വെല്ലുവിളി ഉയര്ത്തുന്നുവെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്. 400 സീറ്റുകള് നേടുന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തില് കഴമ്പില്ലെന്നും ബിജെപിക്ക് കേവല ഭൂരിപക്ഷത്തില് നിന്നും 30 മുതല് 50 സീറ്റുകള് കുറവെ ലഭിക്കുകയുള്ളവെന്ന നീരീക്ഷണവുമായി നിര്മ്മല സീതാരാമന്റെ ഭര്ത്താവും സാമ്പത്തിക വിദഗ്ധനുമായി പറകാല പ്രഭാകര് ഉള്പ്പെടെയുള്ളവര് രംഗത്ത് വന്നിട്ടുണ്ട്. എന്നാല് നാലാം ഘട്ടം പൂര്ത്തിയായതോടെ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള് എന്ഡിഎ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് ബിജെപിയുടെ നിലപാട്. ഈയൊരു സാഹചര്യത്തിലാണ് രാജ്യം മെയ് 20ന് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലാണ് മെയ് 20ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല് ഗാന്ധി, രാജ്നാഥ് സിങ്ങ്, സ്മൃതി ഇറാനി അടക്കം നിരവധി പ്രമുഖരാണ് അഞ്ചാംഘട്ടത്തില് ജനവിധി തേടുന്നത്. അഞ്ചാംഘട്ടത്തിൽ മൂന്ന് പ്രമുഖ മണ്ഡലങ്ങളിൽ പിൻഗാമികളാകാൻ മക്കൾ മത്സരരംഗത്ത് ഇറങ്ങുന്നുവെന്നതും ശ്രദ്ധേയമാണ്. റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധിയും കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ സിങ്ങിന് പകരം മകൻ കരൺ ഭൂഷൺ സിങ്ങും നേരത്തെ ലാലുപ്രസാദ് യാദവ് മത്സരിച്ച് വിജയിക്കുകയും റാബ്രി ദേവി മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത ബിഹാറിലെ സരണിൽ ഇത്തവണ മത്സരരംഗത്തുള്ളത് മകൾ രോഹിണി ആചാര്യയുമാണ്.

തുടർച്ച നിലനിർത്താൻ മക്കൾ മത്സരരംഗത്ത്

അഞ്ചാം ഘട്ടത്തില് ജനവിധി തേടുന്നവരില് പ്രമുഖന് രാഹുല് ഗാന്ധി തന്നെയാണ്. 2024ല് ഇന്ഡ്യ മുന്നണിയുടെ അനൗദ്യോഗിക പ്രധാനമന്ത്രി സ്ഥാനാര്ത്ഥി കൂടിയാണ് രാഹുല് ഗാന്ധി. ഉത്തര്പ്രദേശിലെ റായ്ബറേലിയില് നിന്നാണ് രാഹുല് ഗാന്ധി മത്സരിക്കുന്നത്. 2019ല് ഉത്തര്പ്രദേശില് കോണ്ഗ്രസ് വിജയിച്ച ഏകസീറ്റാണ് റായ്ബറേലി. ഇവിടുത്തെ സിറ്റിങ്ങ് എം പിയായിരുന്ന സോണിയാ ഗാന്ധി രാജസ്ഥാനില് നിന്നും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദിവസങ്ങള് നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമായിരുന്നു രാഹുല് ഗാന്ധിയെ കോണ്ഗ്രസ് റായ്ബറേലിയില് നിന്ന് സ്ഥാനാര്ത്ഥിയായി തീരുമാനിക്കുകയായിരുന്നു. നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസത്തിന് മണിക്കൂറുകള് മുമ്പ് മാത്രമായിരുന്നു കോണ്ഗ്രസ് റായ്ബറേലിയില് നിന്നും രാഹുലിനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിക്കുന്നത്.

നേരത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട്ടില് നിന്നും രാഹുല് ജനവിധി തേടിയിരുന്നു. ഇവിടെ നിന്നുള്ള സിറ്റിങ്ങ് എംപി കൂടിയാണ് രാഹുല്. 2019ലും രാഹുല് യുപിയിലെ അമേഠിയില് നിന്നും കേരളത്തിലെ വയനാട്ടില് നിന്നും മത്സരിച്ചിരുന്നു. അമേഠിയിലെ സിറ്റിങ്ങ് സീറ്റില് രാഹുല് ബിജെപിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. വയനാട്ടില് നിന്നും രാഹുല് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥിയായി റായ്ബറേലിയില് നിന്നും മത്സരിക്കുന്ന രാഹുലിന്റെ എതിരാളി ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങാണ്. ബിഎസ്പിയുടെ താക്കൂര് പ്രസാദ് സിങ്ങും ഇവിടെ മത്സരിക്കുന്നുണ്ട്. 2019ല് ബിഎസ്പിയും എസ്പിയും ഇവിടെ സോണിയാ ഗാന്ധിയെ പിന്തുണച്ചിരുന്നു. കോണ്ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ റായ്ബറേലിയിലെ മത്സരം രാഹുല് ഗാന്ധിയെ സംബന്ധിച്ച് നിര്ണ്ണായകമാണ്.

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അഞ്ചാം ഘട്ടത്തിലെ പ്രധാനപ്പെട്ടൊരു മണ്ഡലമാണ് കൈസര്ഗഞ്ച്. ഗുസ്തി താരങ്ങള്ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന് ആരോപിതനായ ബ്രിജ് ഭൂഷണ് സിങ്ങാണ് ഇവിടുത്തെ സിറ്റിങ്ങ് എംപി. ഇത്തവണ ബ്രിജ് ഭൂഷണ് പകരം മകന് കരണ് ഭൂഷണ് സിങ്ങിനെയാണ് ബിജെപി ഇവിടെ നിന്നും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. മത്സരരംഗത്ത് നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടിലായിരുന്ന ബ്രിജ് ഭൂഷണ് സിങ്ങിന്റെ എതിര്പ്പ് മറികടന്നായിരുന്നു ബിജെപി ഇവിടെ കരണ് ഭൂഷണ് സിങ്ങിനെ സ്ഥാനാര്ത്ഥിയാക്കിയത്. നിലവില് ഉത്തര്പ്രദേശ് ഗുസ്തി അസോസിയേഷന് പ്രസിഡന്റാണ് കരണ് ഭൂഷണ് സിങ്ങ്. 2014ല് ഇവിടെ നിന്നും വിജയിച്ച ബ്രിജ്ഭൂഷണ് സിങ്ങ് 2019ലും ഇവിടെ വിജയിച്ചിരുന്നു. 1996മുതല് ഇവിടെ നിന്നും വിജയിച്ച് വരുന്ന സമാജ്വാദി പാര്ട്ടി നേതാവ് ബേനി പ്രസാദ് വര്മ്മയെ പരാജയപ്പെടുത്തിയാണ് കൈസര്ഗഞ്ച് 2014ല് ബ്രിജ്ഭൂഷണ് സിങ്ങ് ബിജെപിക്കായി പിടിച്ചെടുത്തത്. സമാജ്വാദി പാര്ട്ടിക്കായി രാം ഭഗത്ത് മിശ്രയും ബിഎസ്പിക്കായി നരേന്ദ്ര പാണ്ഡെയാണ് ഇത്തവണ കൈസര്ഗഞ്ചില് മത്സരിക്കുന്നത്.

ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള് രോഹിണി ആചാര്യയാണ് അഞ്ചാം ഘട്ടത്തില് മത്സരരംഗത്തുള്ള പ്രധാനപ്പെട്ട മറ്റൊരു സ്ഥാനാര്ത്ഥി. ബിഹാറിലെ സരന് ലോക്സഭാ മണ്ഡലത്തില് നിന്നാണ് രോഹിണി ആചാര്യ മത്സരിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്ന രോഹിണിയുടെ എതിരാളി രണ്ട് ടേമായി സരന് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജീവ് പ്രതാപ് റൂഡിയാണ്. ലാലു പ്രസാദ് യാദവിന്റെയും ആര്ജെഡിയുടെയും ശക്തികേന്ദ്രമാണ് സരന് ലോക്സഭാ മണ്ഡലം. 2009ല് ലാലു പ്രസാദ് യാദവ് മത്സരിച്ച് വിജയിച്ച സരന് തിരിച്ച് പിടിക്കാന് ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥിയായാണ് രോഹിണി ഇവിടെ മത്സരത്തിനിറങ്ങുന്നത്.

അഞ്ചാം ഘട്ടത്തിലെ മന്ത്രി മണ്ഡലങ്ങൾ

അമേഠിയില് നിന്നും രണ്ടാം ഊഴത്തിനിറങ്ങുന്ന സ്മൃതി ഇറാനിയാണ് അഞ്ചാം ഘട്ടത്തില് മത്സരിക്കുന്ന മറ്റൊരു പ്രധാന നേതാവ്. 2019ല് കോണ്ഗ്രസ് നേതാവും സിറ്റിങ്ങ് എംപിയുമായി രാഹുല് ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ഇവിടെ വിജയം നേടിയത്. 2004ല് ചാന്ദ്നി ചൗക്ക് മണ്ഡലത്തില് നിന്നും കോണ്ഗ്രസിലെ അതികായന് കപില് സിബലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ആദ്യമായി ലോക്സഭയിലെത്തുന്നത്. തുടര്ച്ചയായി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ച സ്മൃതി ഇറാനി 2014ല് രാഹുല് ഗാന്ധിയെ നേരിടാന് അമേഠിയിലെത്തി. 2014ല് രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019ല് രണ്ടാമൂഴത്തിലാണ് രാഹുല് ഗാന്ധിയെ ഇവിടെ മുട്ടുകുത്തിച്ചത്. ഗാന്ധി കുടുംബത്തില് നിന്നൊരാള് മത്സരരംഗത്തില്ലാതെയാണ് അമേഠിയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന് കിഷോരി ലാല് ശര്മ്മയെയാണ് കോണ്ഗ്രസ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. നാന്ഹെ സിങ്ങി ചൗഹാനാണ് ഇവിടെ ബിഎസ്പി സ്ഥാനാര്ത്ഥി.

ലഖ്നൗവില് നിന്നും മൂന്നാംവട്ടം മത്സരത്തിനിറങ്ങുന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് അഞ്ചാം ഘട്ടത്തില് ജനവിധി തേടുന്ന മറ്റൊരു പ്രമുഖ സ്ഥാനാര്ത്ഥി. 2009ല് ഗാസിയാബാദില് നിന്നും ലോക്സഭയിലെത്തിയ രാജ്നാഥ് സിങ്ങ് 2014ലാണ് ലഖ്നൗവില് നിന്ന് ആദ്യ അങ്കത്തിനിറങ്ങുന്നത്. 2019ലും ലഖ്നൗവില് നിന്നും രാജ്നാഥ് സിങ്ങ് വിജയിച്ചിരുന്നു. സമാജ് വാദി പാര്ട്ടിയിലെ രവിദാസ് മെഹ്റോത്രയാണ് ഇത്തവണ ഇവിടെ രാജ്നാഥ് സിങ്ങിന്റെ എതിരാളി.

മുംബൈ നോർത്തിൽ നിന്നും മത്സരിക്കുന്ന കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നതിൽ മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി. 2010 മുതൽ രാജ്യസഭാ അംഗമായ പിയൂഷ് ഗോയലിനെ ഇത്തവണ സിറ്റിങ്ങ് സീറ്റായ മുംബൈ നോർത്തിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. 2014ലും 2019ലും ഇവിടെ മത്സരിച്ച ഗോപാൽ ചിന്നയ്യ ഷെട്ടിക്ക് പകരമാണ് ബിജെപി പിയൂഷ് ഗോയലിനെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. 2004 മുതൽ കേന്ദ്രതലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന ആസൂത്രകരിലൊരാളായ പിയൂഷ് ഗോയൽ ആദ്യമായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. കോൺഗ്രസ്-എൻസിപി ശരദ് പവാർ വിഭാഗം-ശിവസേന ഉദ്ദവ് വിഭാഗം എന്നിവർ ഒരുമിക്കുന്ന മഹാവികാസ് അഘാഡിക്ക് വേണ്ടി കോൺഗ്രസാണ് മുംബൈ നോർത്തിൽ മത്സരിക്കുന്നത്. കോൺഗ്രസിൻ്റെ ഭുഷൻ പാട്ടീലാണ് ഇവിടെ മഹാവികാസ് ആഘാഡിക്ക് വേണ്ടി മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us