റായ്ബറേലി: ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. റായ്ബറേലിയിലെ ബല്ഹാര പോളിംഗ് ബൂത്തില് ബിജെപി പ്രവര്ത്തകര് വോട്ടര്മാരെ വോട്ട് ചെയ്യാന് അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില് ബുള്ഡോസര് കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
റായ്ബറേലിയിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാണ് രാഹുല് ഗാന്ധി. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ 47. 83 ശതമാണ് റായ്ബറേലിയിലെ പോളിംഗ്. വോട്ടെടുപ്പ് പുരോഗമിക്കവെ രാഹുല് റായ്ബറേലിയിലെ വിവിധ ബൂത്തുകള് സന്ദര്ശിച്ചു.
മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില് വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളില് 50 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് മൂന്ന് മണ്ഡലങ്ങളാണുള്ളത്. ഏറ്റവും കൂടുതല് പോളിങ്ങ് രേഖപ്പെടുത്തിയത് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിലാണ്. 55.36 ശതമാനമാണ് ഇവിടെ പോളിങ്ങ്. 52.53 ശതമാനം പോളിങ്ങുള്ള ഝാന്സിയാണ് രണ്ടാമത്. മൂന്നാമതുള്ള മോഹന്ലാല്ഗഞ്ചില് 51.08 ശതമാനമാണ് പോളിങ്ങ്. അമേഠിയില് 45.13 ശതമാനവും റായ്ബറേലിയില് 47.83 ശതമാനമാണ് പോളിങ്ങ്. ലഖ്നൗവിലാണ് ഏറ്റവും കുറവ് പോളിങ്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്നൗവില് 41.90 ശതമാനമാണ് പോളിങ്.