ഒരാള് 8 തവണ വോട്ട് ചെയ്ത സംഭവം: കേസെടുത്ത് പൊലീസ്, റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സ്ഥാനാര്ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വീഡിയോയില് വ്യക്തമാണ്

dot image

ന്യൂഡല്ഹി: ഉത്തര്പ്രദേശില് ഒരാള് എട്ട് തവണ വോട്ട് ചെയ്ത സംഭവത്തില് നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു. സംഭവത്തില് ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തില് റീപോളിങ് നടത്താനും നിര്ദേശമുണ്ട്.

രാജന് സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്ഘ്യമുള്ള വീഡിയോയില് വോട്ടര് ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില് നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസും സമാജ് വാദി പാര്ട്ടിയും രംഗത്ത് വന്നിരുന്നു. എക്സില് പങ്കുവെച്ച കുറിപ്പില് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉറക്കമുണരാനാണ് കോണ്ഗ്രസ് ആവശ്യപ്പെട്ടത്. പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് നിങ്ങള് ഇത് കാണുന്നുണ്ടോ, ഒരാള് എട്ട് തവണയാണ് വോട്ടു ചെയ്തത്. ഇത് ഉറക്കമുണരാനുള്ള സമയമാണ് എന്നായിരുന്നു കോണ്ഗ്രസ് എക്സില് കുറിച്ചത്.

സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ച് കൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 'തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തെറ്റാണെന്ന് തോന്നുവെങ്കില് നിര്ബന്ധമായും നടപടി സ്വീകരിക്കൂ. അല്ലെങ്കില്..' എന്നാണ് അഖിലേഷ് എക്സില് കുറിച്ചത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു
dot image
To advertise here,contact us
dot image