കോയമ്പത്തൂർ: സൈബര് ആക്രമണത്തിൽ ഒരു ഇര കൂടി. അപ്പാര്ട്മെന്റിന്റെ നാലാം നിലയില് നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ് കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കുഞ്ഞിന് സംഭവിച്ച അപകടത്തിൽ രൂക്ഷമായ സൈബര് ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33) വീട്ടില് തൂങ്ങി മരിച്ചത്. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര് സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം 28ന് തിരുമില്ലവയലിലുള്ള വിജിഎന് സ്റ്റാഫോഡ് അപ്പാര്ട്മെന്റിലെ ബാല്ക്കണിയില് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില് നിന്നു കുഞ്ഞ് അബദ്ധത്തിൽ താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില് 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്ക്കാര് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വലിയ തോതിൽ പ്രചരിച്ചിരുന്നു.
വീഡിയോ വൈറലായതോടെ യുവതി അതിരൂക്ഷമായ സൈബര് ആക്രമണമാണ് നേരിട്ടത്. രമ്യയുടെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ മാനസികമായി തളര്ന്നു. കടുത്ത ഡിപ്രഷനിലേക്ക് കടന്ന രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച്ച മുന്പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില് പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില് കണ്ടത്. ദമ്പതികള്ക്ക് പെണ്കുഞ്ഞ് കൂടാതെ അഞ്ച് വയസ്സുള്ള മകനുമുണ്ട്.
നിയമ വിദ്യാര്ഥിയുടെ കൊല; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി വിധി ഇന്ന്(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)