പാറ്റ്ന: 1977ല് ജനത പാര്ട്ടിയെ അധികാരത്തിലെത്തിച്ച ജനത തരംഗം പോലെയാണ് ഇന്ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ബിഹാറിലെ കോണ്ഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചു. ഇന്നലെ ഉത്തര്പ്രദേശില് അഖിലേഷ് യാദവ് നയിച്ച റാലികളില് പങ്കെടുത്തു. ഇന്ഡ്യ മുന്നണിയെ പിന്തുണച്ച് വലിയ ജനക്കൂട്ടമാണ് ഈ റാലികളിലേക്ക് വരുന്നത്. 1977ല് ജനതാ പാര്ട്ടിക്ക് ലഭിച്ച പിന്തുണ പോലെയാണിതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ചട്ടങ്ങള് ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇലക്ഷന് കമ്മിഷന് നടപടി സ്വീകരിക്കണം.വര്ഗീയത തുളുമ്പുന്ന ഒരുപാട് പ്രസംഗങ്ങള്ക്ക് ശേഷം ഒരു ടിവി അഭിമുഖത്തില് അദ്ദേഹം പറയുന്നത് കണ്ടു താന് ഹിന്ദു-മുസ്ലിം വിഭജനം ഉണ്ടാക്കിയിട്ടില്ലെന്ന്. അതിന്റെ തൊട്ടടുത്ത് ദിവസം നേരത്തെ ചെയ്തത് തന്നെ ചെയ്യുന്നതും കണ്ടുവെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
കോണ്ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്ക്കാര് ആരംഭിച്ച പദ്ധതികളാണ് മോദി സര്ക്കാര് പിന്നീട് പൂര്ത്തിയാക്കിയത്. ഭക്ഷ്യാവകാശമാണ് ഉദാഹരണമെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങളാണ് പണപ്പെരുപ്പത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര എക്സൈസ് നികുതി പരിഷ്ക്കരിച്ചാല് മാത്രം പെട്രോളിന് കുറഞ്ഞത് 20 രൂപ കുറയുമെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.