പൂനെ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ 17കാരൻ്റെ പിതാവിനെ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്ന് പൂനെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് മദ്യം നൽകിയ ബാറുടമകളേയും പൊലീസ് അറസ്റ്റ് ചെയ്തു. ജുവൈനൽ ആക്ട് പ്രകാരം സെക്ഷൻ 75 ആൻ്ഡ് 77 എന്നീ വകുപ്പുകളാണ് പിതാവിൻ്റെ മേൽ പൂനെ പൊലീസ് ചുമത്തിയിരിക്കുന്നത്. പൂനെയിലെ കല്ല്യാണി നഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം.
17കാരൻ ഓടിച്ചുവന്ന ആഡംബര കാറായ പോർഷ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ മരിക്കുകയായിരുന്നു. ഐടി എഞ്ചിനീയർമാരായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയുമാണ് മരിച്ചത്. പുലർച്ചെ 2.15 ഓടെ അമിത വേഗതയിലെത്തിയ പോർഷെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.
കാർ അമിതവേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. കേസ് പൂനെ പൊലീസിന്റെ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയിരിക്കുകയാണ്.
'പതിനേഴുകാരൻ തൻ്റെ 12-ാം ക്ലാസ് ഫലം ഒരു പ്രാദേശിക പബ്ബിൽ ആഘോഷിക്കുകയായിരുന്നു, അപകടത്തിന് മുമ്പ് അയാൾ മദ്യം കഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മഹാരാഷ്ട്രയിൽ നിയമപരമായ മദ്യപാന പ്രായം 25 ആണ്, അതുകൊണ്ട് തന്നെ ബാറിൽ നിന്ന് മദ്യം നൽകിയത് നിയമവിരുദ്ധമാണ്. ഇതേ തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയതിന് ബാറുടമകൾക്കെതിരെയും കുറ്റം ചുമത്തുന്നുണ്ടെ'ന്നും പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞദിവസം മദ്യലഹരിയിൽ അപകടമുണ്ടാക്കിയ കൗമാരക്കാരന് 14 മണിക്കൂറിനുള്ളിൽ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നു. 'റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും' എന്ന വിഷയത്തിൽ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുന്നത് ഉൾപ്പെടെയുള്ള ചില വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. ഇതിനിടെ അപകടത്തിന് വഴിവെച്ച പോർഷെ ഓടിച്ച കൗമാരക്കാരൻ മദ്യപിച്ചിരുന്നതിൻ്റെ തെളിവുകളും പുറത്ത് വന്നത്. അപകടത്തിന് മുമ്പ് പ്രതിയായ കൗമാരക്കാരനും സുഹൃത്തുക്കളും ഒരു ബാറിൽ ഇരുന്ന് മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയായ പ്രായപൂർത്തിയാകാത്തയാളെയും സുഹൃത്തുക്കളെയും വഴിയാത്രക്കാർ കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിക്കുന്നതായും കാണാം.
രണ്ടുപേരുടെ മരണത്തിനിടയാക്കിയ പോർഷെ അപകടം; 17കാരനെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യണമെന്ന് പൊലീസ്പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ രണ്ട് പ്രകാരം നിർവ്വചിച്ചിരിക്കുന്ന ഹീനമായ കുറ്റകൃത്യമായതിനാൽ പ്രതിയെ പ്രായപൂർത്തിയായ ആളായി കണക്കാക്കാൻ കോടതിയെ സമീപിച്ചിരുന്നുവെന്ന് സി പി അമിതേഷ് കുമാർ പറഞ്ഞു. കോടതി അപേക്ഷ നിരസിച്ചുവെന്നും ഉത്തരവിനെതിരെ ഇന്നലെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.