ന്യൂഡല്ഹി: ഭൂമി കുംഭകോണക്കേസില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന ഝാര്ഖണ്ഡ് മുന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അഭിഭാഷകന്റെ വാദം കേള്ക്കാനായാണ് ഹര്ജി നാളത്തേക്ക് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കേസില് ഹേമന്ത് സോറന് ഇടക്കാല ജാമ്യം നല്കരുതെന്നാണ് സുപ്രീം കോടതിയില് ഇ ഡി നല്കിയ സത്യവാങ്മൂലം. അന്വേഷണ ഉദ്യോഗസ്ഥരെ വ്യാജ കേസില് കുടുക്കാന് ഹേമന്ത് സോറന് ശ്രമിച്ചുവെന്നാണ് ഇഡിയുടെ ആക്ഷേപം.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്. ജനുവരി 31നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.