ന്യൂഡൽഹി: ആം ആദ്മി പാര്ട്ടി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതെന്ന് ലഫ്. ഗവർണർ വി കെ സക്സേന. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിശബ്ദത സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മനോഭാവം വ്യക്തമാക്കുന്നുവെന്നും സക്സേന പറഞ്ഞു. സ്വാതി മലിവാൾ തന്നെ വിളിച്ച് കാര്യങ്ങൾ വിവരിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിൽ സ്വാതി ആശങ്ക രേഖപ്പെടുത്തിയെന്നും വി കെ സക്സേന കൂട്ടിച്ചേർത്തു. സംഭവത്തിൽ നടപടി എടിക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റിയത് അമ്പരപ്പിച്ചു. പൊലീസ് വിഷയം അന്വേഷിക്കുകയാണ്. യുക്തിസഹമായ നിഗമനത്തിലെത്തുമെന്ന് ഉറപ്പുനൽകുന്നതായും വി കെ സക്സേന പറഞ്ഞു.
അതേസമയം, ലഫ്. ഗവർണറെ തള്ളി ആം ആദ്മി പാർട്ടി രംഗത്തെത്തി. സ്വാതി മലിവാൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഗവർണറുടെ പ്രസ്താവന തെളിയിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഗൂഢാലോചന നടത്തുകയാണ്. ബിജെപി ദയനീയമായി പരാജയപ്പെടാൻ പോവുകയാണ്. മോദിജിയുടെ മുങ്ങുന്ന കപ്പൽ സ്വാതി മലിവാളിൻ്റെ പിന്തുണ സ്വീകരിക്കുകയാണെന്നും എഎപി വിമർശിച്ചു.
സംഭവത്തില് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വാതി മലിവാൾ ആക്രമിക്കപ്പെട്ട ദിവസം ജോലിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയാണ് എടുത്തത്. കെജ്രിവാളിന്റെ പിഎയും കേസിലെ പ്രതിയുമായ ബിഭവ് കുമാറുമായി മുംബൈയിൽ എത്തിയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. മുംബൈയിൽ ബിഭവ് കുമാർ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തും. കെജ്രിവാളിന്റെ വസതിയില് വെച്ച് പി എ ബിഭവ് കുമാര് മര്ദ്ദിച്ചെന്നായിരുന്നു സ്വാതി മാലിവാളിന്റെ പരാതി.