ലഖ്നൗ: ഉത്തർപ്രദേശിലെ അസംഗഡിൽ സമാജ്വാദി പാർട്ടി തിരഞ്ഞെടുപ്പ് യോഗത്തിൽ അണികളുടെ ആവേശം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. അഖിലേഷ് യാദവ് എത്തിയതോടെ ആവേശഭരിതരായ പ്രവർത്തകർ ബാരിക്കേഡ് മറികടന്നതാണ് ലാത്തിചാർജിലേക്ക് നയിച്ചത്. ലാൽഗഞ്ച് മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചാണ് അധ്യക്ഷൻ അഖിലേഷ് യാദവ് വേദിയിൽ എത്തിയത്. ഇതോടെ മണിക്കൂറുകളായി കാത്ത് നിന്ന അണികളിൽ ആവേശം നിറഞ്ഞു.
അഖിലേഷിനെ അടുത്ത് കാണാൻ പ്രവർത്തകർ ഉന്തും തള്ളും ഉണ്ടാക്കി. ഇവരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. നേതാക്കളുടെ അഭ്യർത്ഥനയും കേൾക്കാതെ ബാരിക്കേഡ് മറികടന്ന് ആളുകൾ വേദിയിലേക്ക് ഇരച്ചെത്തി. സ്ഥിതി കൈവിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. നേതാക്കളുടെ സുരക്ഷ മുന്നിൽ കണ്ടായിരുന്നു പൊലീസ് നടപടി. ലാത്തി ചാർജോടെ സാഹചര്യം നിയന്ത്രണ വിധേയമായി. തുടർന്ന് ഇൻഡ്യ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് അഖിലേഷ് മടങ്ങിയത്. നേരത്തെ പ്രയാഗ് രാജിൽ രാഹുൽ ഗാന്ധിയും അഖിലേഷും പങ്കെടുത്ത യോഗ വേദിക്ക് തൊട്ടരികെ വരെ ആൾക്കൂട്ടം തിങ്ങി നിറഞ്ഞതോടെ പരിപാടി വന്നിരുന്നു.
ബിഹാറിലെ ഛപ്രയിൽ ഇന്നലെ പോളിംഗ് അവസാനിച്ചതോടെ ബിജെപി - ആർജെഡി ഏറ്റുമുട്ടൽ ആരംഭിച്ചു. സംഘർഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.