ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി സ്ഥാപനവും സ്വകാര്യ ഉൽപ്പാദകരുമായ അദാനി ഗ്രൂപ്പ് തെറ്റായ വിവരങ്ങൾ നൽകി കോടികൾ തട്ടിയതായി റിപ്പോർട്ട്. നിലവാരം കുറഞ്ഞ കൽക്കരിക്ക് വലിയ മൂല്യം കാണിച്ച് മൂന്നിരട്ടി കൊള്ള ലാഭത്തിന് വരെ പൊതുമേഖല കമ്പനികൾക്ക് നൽകി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. തെളിവുകൾ മുൻനിർത്തി ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് ആണ് വിവരങ്ങൾ സമാഹരിച്ചത്. ശേഷം പ്രസിദ്ധീകരണത്തിനായി വിവരങ്ങൾ ഫിനാൻഷ്യൽ ടൈംസിന് കൈമാറുകയായിരുന്നു.
അദാനിയുടെ കൽക്കരി ഇടപാടിനെ കുറിച്ച് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയും കേന്ദ്രസർക്കാർ വിഷയത്തിൽ മൗനം തുടരുകയും ചെയ്യുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 2014 ജനുവരിയിൽ അദാനി ഒരു കിലോഗ്രാമിന് 3500 കലോറി ലഭിക്കുന്ന ഇന്തോനേഷ്യൻ കൽക്കരി വാങ്ങി തമിഴ്നാട്ടിലെ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് 6000 കലോറി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിൽപ്പന നടത്തിയതിന്റെ രേഖകളും റിപ്പോർട്ടിലുണ്ട്.
2014ൽ ഇന്തോനേഷ്യയിൽ കപ്പൽമാർഗം കൽക്കരി കൊണ്ടുവന്നതിന്റെ തെളിവുകളും ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഇന്തോനേഷ്യയിലെ നിലവാരമില്ലാത്ത കൽക്കരിയാണ് അദാനി ഇന്ത്യയിൽ മറിച്ചു വിറ്റ് കോടികൾ സമ്പാദിച്ചത് എന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഫിനാൻഷ്യൽ ടൈംസിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ ഇടപാടുകളെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും പുറത്ത് വിട്ട തെളിവുകൾക്ക് മറുപടി പറയാൻ കമ്പനി തയ്യാറായില്ല.