ഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം പ്രവർത്തിക്കുന്ന ഡൽഹി നോർത്ത് ബ്ലോക്കിലാണ് ഭീഷണി. നോർത്ത് ബ്ലോക്കിലെ പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. അഗ്നിശമന വിഭാഗവും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡൽഹിയിൽ സമീപകാലത്ത് ലഭിക്കുന്ന ബോംബ് ഭീഷണികളുടെ തുടർച്ചയാണ് ഇന്നത്തെ സംഭവവും.
ഡൽഹിയിലെ സ്കൂളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ സമാനമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. അന്നും പരിശോധനകളിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രാജ്യത്തിന് പുറത്തുനിന്നാണ് സന്ദേശങ്ങൾ എത്തുന്നതെന്നത് അന്വേഷത്തെ ബാധിക്കുന്നുണ്ട്. വിഷയങ്ങളിൽ ഡൽഹി പൊലീസിൻ്റെയും വിവിധ ഏജൻസികളുടേയും അന്വേഷണം തുടരുകയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള വിമർശനങ്ങളും ചുവരെഴുത്തിലുണ്ട്. കരോള് ബാഗ്, ഝണ്ഡേവാലന് മെട്രോ സ്റ്റേഷനുകള്ക്ക് സമീപത്തെ മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ചുവരെഴുത്തുകൾ പൊലീസ് മായ്ച്ചു കളഞ്ഞിട്ടുണ്ട്.
ഇതിന് മുമ്പ് മെയ് ആദ്യം നൂറോളം സ്കൂളുകളിൽ രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടായിരുന്നു. ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ ഡല്ഹി പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിരുന്നു.