ന്യൂഡല്ഹി: സ്വാതി മലിവാള് കേസില് സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേസിനെ സംബന്ധിച്ച് ആദ്യമായാണ് കെജ്രിവാള് പ്രതികരിക്കുന്നത്. സംഭവം നടക്കുന്ന സമയം താന് വീട്ടില് ഇല്ലായിരുന്നുവെന്നും അതുകൊണ്ടു തന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാള് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
മെയ് 13 ന് കെജ്രിവാളിന്റെ വസതിയില് വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി ബൈഭവ് കുമാര് കൈയേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് എഎപിയുടെ രാജ്യസഭാംഗം സ്വാതി മലിവാള് മെയ് 16 ന് പൊലീസിൽ പരാതി നല്കിയത്. സംഭവത്തില് ഡല്ഹി മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവര് തങ്ങളുടെ നിലപാട് അറിയിച്ചിരുന്നെങ്കിലും കെജ്രിവാള് ഇതുവരെയും പ്രതികരിച്ചിരുന്നില്ല.
കേസില് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമായതിനാലാണ് താന് ഇതുവരെയും പരസ്യ പ്രതികരണത്തിന് മുതിരാതിരുന്നത് എന്നാണ് കെജ്രിവാള് അഭിമുഖത്തില് പറയുന്നത്. 'സംഭവം നടക്കുന്ന സമയത്ത് ഞാന് വീട്ടില് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. എല്ലാ കേസിനും എന്നപോലെ ഈ കേസിനും രണ്ട് വശങ്ങളുണ്ട്. ഈ രണ്ടുവശങ്ങളും പൊലീസ് വ്യക്തമായി അന്വേഷിക്കണം. കേസില് സത്യസന്ധമായ അന്വേഷണം നടക്കണം. നീതി നടപ്പാക്കപ്പെടണം', കെജ്രിവാള് പറഞ്ഞു.
'മികച്ചതെന്ന് കാണിച്ച് നിലവാരമില്ലാത്ത കൽക്കരി അദാനി വിറ്റത് മൂന്നിരട്ടി ലാഭത്തിന്'; റിപ്പോർട്ട്