ഡൽഹി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഷോ കോസ് നോട്ടീസ് അയച്ച് വിദേശകാര്യമന്ത്രാലം. ലൈംഗികാതിക്രമക്കേസ് വിവാദമായതോടെ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഹസ്സനിലെ എംപി കൂടിയായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് നടപടി. ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് പോയ പ്രജ്വൽ രേവണ്ണ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി കൂടിയാണ് പ്രജ്വൽ രേവണ്ണ. രാജ്യം വിട്ട പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. സംഭവം പുറത്തെത്തിയതോടെ പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടക്കുകയായിരുന്നു.
നിയമപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് പ്രജ്വൽ രേവണ്ണ വിഷയത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്. 1967 ലെ പാസ്പോർട്ട് ആക്ട് പ്രകാരം പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാസ്പോർട്ട് റദ്ദാകുന്നതോടെ പ്രജ്വൽ വിദേശത്ത് തുടരുന്നത് നിയമവിരുദ്ധമാകും. നിലവിലുള്ള രാജ്യത്ത് നിന്ന് നിയമനടപടികൾ നേരിടേണ്ടിയും വരുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും തിരിച്ചു വരണമെന്നുമാണ് ദേവഗൗഡയുടെ താക്കീത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി മുത്തച്ഛൻ കൂടിയായ ദേവഗൗഡ ആവശ്യപ്പെട്ടു.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു. പ്രജ്വൽ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കും. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു. പ്രജ്വൽ ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും വേദനയിൽ നിന്നും കരകയറാൻ തനിക്ക് കുറച്ച് സമയമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബത്തെയോർത്ത് അന്വേഷണത്തോട് സഹകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെയാണ് ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് ജെഡിഎസ് നേതാവായ പ്രജ്ജ്വൽ.
'കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അന്വേഷണത്തോട് സഹകരിക്കൂ'; രേവണ്ണയോട് അഭ്യർത്ഥിച്ച് കുമാരസ്വാമി