ലഫ്. ഗവർണർക്കെതിരായ അപകീർത്തി കേസ്; മേധാ പട്കർ കുറ്റക്കാരി

രണ്ടുവർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്

dot image

ഡൽഹി: ഡൽഹി ലഫ്. ഗവർണർ വി കെ സക്സേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക മേധാപട്കർ കുറ്റക്കാരി. ദില്ലി സാകേത് കോടതിയാണ് മേധാപട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. 2001ലാണ് മേധാപട്കർക്കെതിരെ സക്സേന അന്യായം ഫയൽ ചെയ്തത്. ടിവി ചാനലിലൂടെയും വാർത്താക്കുറിപ്പിലൂടെയും അപകീർത്തിപെടുത്തിയെന്നാണ് സക്സേന നൽകിയ കേസ്. രണ്ടുവർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

നർമ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതൽ തന്നെ മേധാ പട്കറും സക്സേനയും തമ്മിൽ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എൻജിഒയുടെ തലവനായിരുന്നു അദ്ദേഹം.

നർമ്മദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങൾ നൽകുന്നതിൽ സക്സേനയ്ക്കെതിരെ മേധാപട്കർ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മേധാപട്കർ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സക്സേന അവർക്കെതിരെ രണ്ട് അന്യായം ഫയൽ ചെയ്തിരുന്നു.

സക്സേനയുടെ ആരോപണത്തെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും മേധാപട്കർ ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മേധാപട്കർ മനപ്പൂർവ്വമായി സക്സേനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. സക്സേന ഭീരുവാണെന്നും ദേശസ്നേഹിയല്ലെന്നും ഹവാല ഇടപാടിൽ സക്സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകൾ അപകീർത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ്മ പറഞ്ഞു.

dot image
To advertise here,contact us
dot image