ന്യൂഡൽഹി: ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 58 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. ഡല്ഹിയിലെ ഏഴ് പാര്ലമെന്റ് സീറ്റുകളിലും 25നാണ് ജനവിധി. ബിഹാര് (8 സീറ്റുകള്), ഹരിയാന (10 സീറ്റുകള്), ജമ്മു കശ്മീര് (1 സീറ്റ്), ജാര്ഖണ്ഡ് (4 സീറ്റുകള്), ഡല്ഹി (7 സീറ്റുകള്), ഒഡീഷ (6 സീറ്റുകള്), ഉത്തര്പ്രദേശ് (14 സീറ്റുകള്), പശ്ചിമ ബംഗാളില് (8 സീറ്റുകള്) എന്നിവടങ്ങളിലാണ് 25ന് തിരഞ്ഞെടുപ്പ്. 2019 ലെ മിന്നും വിജയം ആവർത്തിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ പല മണ്ഡലങ്ങളും തിരിച്ചു പിടിക്കാൻ കഴിയും എന്നാണ് ഇൻഡ്യ സഖ്യത്തിൻ്റെ ആത്മവിശ്വാസം. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിലെ 58ല് ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ. പ്രത്യേകിച്ച് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ. ഡൽഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് പ്രതിഫലിക്കും എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ വിലയിരുത്തൽ. മോദി ഗ്യാരണ്ടികളും രാമക്ഷേത്രവും ഉയർത്തിയാണ് ബിജെപി പ്രചാരണം. 30 സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.
മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിശബ്ദ പ്രചാരണം നടക്കുന്ന ഇന്നും പരമാവധി വോട്ടുകൾ ഉറപ്പിക്കാൻ തിരക്കിലാണ് സ്ഥാനാർഥികളും നേതാക്കളും. കഴിഞ്ഞ 5 ഘട്ടത്തിലും പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയിലാണ് പക്ഷെ പാർട്ടികൾ. 919 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘർഷം നിലനിൽക്കുന്ന ബംഗാളില് ആറാംഘട്ട വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. ഒപ്പം, ബംഗാളില് കനത്ത മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.