കേദാർനാഥ്: സാങ്കേതിക തകരാർ മൂലം പറക്കൽ തുടരാനാകാതിരുന്ന ഹെലികോപ്റ്റർ കേദാർനാഥിൽ അതിസാഹസികമായി അടിയന്ത ലാന്റിങ് നടത്തി. ആറ് തീർത്ഥാടകരുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് സാങ്കേതിക പ്രശ്നം കാരണം അടിയന്തര ലാന്റിങ് നടത്തിയത്. ഹെലിപ്പാഡിന് നൂറ് മീറ്റർ മുമ്പേയാണ് ലാന്റ് ചെയ്തത്. യാത്രക്കാർക്കോ പൈലറ്റിനോ അപകടം സംഭവിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
സിർസി ഹെലിപ്പാഡിൽ നിന്ന് എസ്എച്ച് കേദാർനാഥ് ധാമിലേക്ക് യാത്ര ആരംഭിച്ച ഹെലികോപ്റ്ററാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഹെലിപ്പാഡിൽ ലാന്റ് ചെയ്യാൻ തുടങ്ങുന്നതിനിടെ ഹൈഡ്രോളിക് ഫെയിലിയർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഹെലികോപ്റ്റർ ഒന്നാകെ കറങ്ങാൻ തുടങ്ങി. പൈലറ്റ് കൽപേഷ് ഉടൻ തന്നെ നടപടിയെടുത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഹെലിപ്പാഡിന് തൊട്ടടുത്ത്, 100 മീറ്റർ അകലെയായി ഹെലികോപ്റ്റർ ഇറക്കി. ഹെലികോപ്റ്ററിന്റെ ടെയിൽ ഭാഗത്ത് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചത്.