ജയലളിതയെ ഹിന്ദുത്വ നേതാവെന്ന് വിളിച്ച് അണ്ണാമലൈ; 'അമ്മ' മരണം വരെ ദ്രാവിഡ നേതാവായിരുന്നെന്ന് ശശികല

ജയലളിത ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട്ടിൽ മാറ്റാരേക്കാൾ വലിയ ഹിന്ദുത്വ നേതാവായിരുന്നിരിക്കുമെന്ന് അണ്ണാമലൈ

dot image

ചെന്നൈ: ജയലളിത ഹിന്ദുത്വ നേതാവായിരുന്നുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. തമിഴ്നാട്ടിലെ മറ്റാരേക്കാൾ ഉയർന്ന ഹിന്ദുത്വ നേതാവായിരുന്നു ജയലളിതയെന്നാണ് അണ്ണാമലൈ പറഞ്ഞത്. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരമൊരു പരാമർശം. ജയലളിത മരിച്ചതോടെ ഹിന്ദുത്വ ആശയങ്ങളിൽ നിന്ന് തെന്നിമാറിയ എഐഎഡിഎംകെ ഉണ്ടാക്കിയ വിടവ് നികത്താനുള്ള അവസരം ബിജെപിക്ക് മുന്നിലുണ്ടെന്ന് അണ്ണാമലൈ അഭിമുഖത്തിൽ പറഞ്ഞു.

'ജയലളിത ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട്ടിൽ മാറ്റാരേക്കാൾ വലിയ ഹിന്ദുത്വ നേതാവായിരുന്നിരിക്കും. 2014-ന് മുമ്പ്, ബിജെപിയും ജയലളിത നേതാവായ പാർട്ടിയും ഒരുമിച്ച് മത്സരിക്കുമ്പോൾ ഒരു ഹിന്ദു വോട്ടർ ഉറപ്പായും ജയലളിതയ്ക്കൊപ്പമായിരിക്കും, തൻ്റെ ഹിന്ദു ഐഡൻ്റിറ്റി പരസ്യമായി പ്രകടിപ്പിച്ച നേതാവായിരുന്നു ജയലളിത' - അണ്ണാമലൈ പറഞ്ഞു.

ബിജെപി നേതാക്കളല്ലാതെ മറ്റൊരു നേതാവ് ആദ്യമായി അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് ജയലളിതയാണ്. 2002 - 2003 വർഷം തമിഴ്നാട്ടിൽ മതപരിവർത്തനനിരോധന നിയമം കൊണ്ടുവന്നതും ജയലളിതയാണെന്നും അണ്ണാമലൈ പറഞ്ഞു.

എന്നാൽ അണ്ണാമലൈയുടെ വാക്കുകളെ തള്ളി ജയലളിതയുടെ സുഹൃത്ത് ശശികല രംഗത്തെത്തി. ജയലളിതയെ കുറിച്ചുള്ള അറിവില്ലായ്മയാണ് അണ്ണാമലൈയുടെ വാക്കുകളിൽ തെളിയുന്നതെന്ന് ശശികല പ്രസ്താവനയിൽ പറഞ്ഞു. ജയലളിതയെപ്പോലൊരാളെ ഇത്തരത്തിൽ ചെറിയ വൃത്തത്തിനുള്ളിൽ ഒതുക്കാൻ ആകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

'അവസാനശ്വാസം വരെ യഥാർത്ഥ ദ്രാവിഡ നേതാവായാണ് ജയലളിത ജീവിച്ചത്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം അടക്കം എല്ലാ മതവിഭാഗങ്ങളും ആഘോഷിച്ചിരുന്ന നേതാവായിരുന്നു. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ തരണം ചെയ്ത നേതാവാണ് അമ്മ. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നു അവരുടെ ജീവിതം' - ശശികല പറഞ്ഞു.

ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്ന ആളായിരുന്നില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ച ഒരേ ഒരു നേതാവാണ് ജയലളിതയെന്നും ശശികല പറഞ്ഞു. ജയലളിതയെ ഹിന്ദുത്വ നേതാവെന്ന് വിളിച്ച അണ്ണാമലൈയെ എതിർത്ത് എഐഎഡിഎംകെയും രംഗത്തെത്തി.

എല്ലാവരും ഒന്ന്, ദൈവവും ഒന്ന് - ഇതാണ് എഐഎഡിഎംകെയുടെ പ്രത്യയശാസ്ത്രം. ഈ ആശയം പിന്തുടർന്നാണ് അമ്മ ജീവിച്ചത്. ജൂൺ നാലിന് ശേഷം എഐഎഡിഎംകെയിൽ ചേരാൻ അണ്ണാമലൈയെ സ്വാഗതം ചെയ്യുന്നു. അണ്ണാമലൈയുടെ രാഷ്ട്രീയത്തിന് തിരഞ്ഞടുപ്പ് ഫലം പുറത്തുവന്നാൽ പിന്നെ പ്രസക്തി ഉണ്ടാകില്ല - എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ പറഞ്ഞു.

dot image
To advertise here,contact us
dot image