ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഡൽഹിയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റും ലഭിച്ചു. കാരണം മറ്റൊന്നുമല്ല, ആ പോളിംഗ് ബൂത്തിലെ ആദ്യ പുരുഷവോട്ടറായിരുന്നു അദ്ദേഹം!
'ഞാനായിരുന്നു ബൂത്തിലെ ആദ്യ പുരുഷ വോട്ടർ'- സർട്ടിഫിക്കറ്റ് കയ്യിൽപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ജയശങ്കർ പറഞ്ഞു . ഡൽഹിയിലെ വോട്ടർമാർ മോദി സർക്കാരിനെ വീണ്ടും പിന്തുണയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്നും രാജ്യം നിർണായക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് വോട്ട് രേഖപ്പെടുത്തണമെന്നും നമ്മളാഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.'- അദ്ദേഹം പറഞ്ഞു.
Cast my vote in New Delhi this morning.
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) May 25, 2024
Urge all voting today to turnout in record numbers and vote in this sixth phase of the elections. pic.twitter.com/FJpskspGq9
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ 58 മണ്ഡലങ്ങളിലാണ് പോളിംഗ്. 58 മണ്ഡലങ്ങളിലായി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 5.84 കോടി പുരുഷവോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരുമാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ന് ജനവിധി തേടുന്നുണ്ട്. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി, മനോജ് തിവാരി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായ പശ്ചാത്തലത്തിൽ ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. അതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിൻ്റെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് മന്ദഗതിയിലാക്കണമെന്ന് ലഫ്. ഗവർണർ പൊലീസിന് നിർദേശം നൽകിയെന്ന് എഎപി ആരോപിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായി മന്ത്രി അതിഷി മർലേന പറഞ്ഞു. ബിജെപിയെ വിജയിപ്പിക്കാനുള്ള നീക്കമാണിതെന്നും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ഡൽഹിയിൽ വോട്ടെടുപ്പ് സുഗമമാണെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഡൽഹി ഇന്ന് വിധിയെഴുതുന്നു