ന്യൂഡൽഹി: എഎപി നേതാവ് സ്വാതി മലിവാളിനെതിരായ അതിക്രമക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്ഹി തിസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതിനിടെ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നമ്പോൾ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞിരുന്നു. പ്രതിഭാഗം വാദത്തിനിടെയാണ് പൊട്ടിക്കരഞ്ഞത്. സ്വാതി മലിവാൾ പരിക്കുകൾ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു അവർ പൊട്ടിക്കരഞ്ഞത്.
ആരോപണം സ്വാതിയെ അപമാനിക്കാൻ ഉദ്ധേശിച്ചല്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാർ കോടതിയെ അറിയിച്ചു. വിസ്താരം നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളിൽ ഒരു വനിതാ കോൺസ്റ്റബിൾ ബോധംകെട്ടു വീണു. തുടർന്ന് വിസ്താരം അൽപ്പനേരം നിർത്തിവയ്ക്കേണ്ടിവരികയും ചെയ്തിരുന്നു.
ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിൻ്റെ വസതിയിൽ വെച്ച് പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ സ്വാതി മലിവാളിനെതിരെ ആക്രമണം നടത്തിയെന്നാണ് ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തീഹാർ ജയിൽ നിന്നും പരോളിലിറങ്ങിയ അരവിന്ദ് കെജ്രിവാൾ ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദത്തിലായി. തനിക്ക് സംഭവിച്ചത് വളരെ മോശമായ കാര്യമാണെന്ന് സ്വാതി മലിവാൾ എക്സിൽ കുറിച്ചിരുന്നു. ബിഭവ് കുമാര് കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്ന് സ്വാതി മലിവാള് പറഞ്ഞു. തനിക്കെതിരേ നടന്ന അത്രിക്രമത്തില് പാര്ട്ടി പ്രവര്ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു. വിവാദത്തിന് ശേഷം ടൈംസ് നൗ വിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു സ്വാതി.
ബിഭാവ് കുമാറിനെതിരെ സ്വാതി മലിവാൾ എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി കോടതി ഇയാളെ വെള്ളിയാഴ്ച നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.