ഡൽഹി: രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരിച്ച് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. കുടുംബത്തിന് താൻ രാഷ്ട്രീയത്തിലിറങ്ങുന്നത് താത്പര്യമില്ലെന്ന് രഘുറാം രാജൻ പറഞ്ഞു. 'ഞാൻ നിരന്തരം പറഞ്ഞിട്ടും ജനങ്ങൾക്ക് വിശ്വാസമില്ല. ഞാൻ ഒരു അക്കാദമിക് ആണ്. എനിക്ക് ഒരു കുടുംബവുമുണ്ട്, ഭാര്യയുമുണ്ട്, അവർക്ക് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ താത്പര്യമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനേക്കാൾ എനിക്ക് ചെയ്യാൻ താത്പര്യം, എനിക്ക് എവിടെയെത്താനാകുമോ അത് ചെയ്യുന്നതാണ്'; അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ ഗവൺമെൻ്റിന്റെ ഭാഗമാണോ അല്ലയോ എന്ന് പരിഗണിക്കാതെ അതിനെക്കുറിച്ച് സംസാരിക്കുന്നു...'; രഘുറാം രാജൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമായാണ് എന്ന അഭിപ്രായമാണ് രഘുറാം രാജൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലുടനീളം പങ്കുവച്ചത്. രാഹുൽ ഗാന്ധി ബുദ്ധിമാനും ധീരനുമാണെന്ന് നിങ്ങൾക്കറിയാം. മുത്തശ്ശിയെ കൊലപ്പെടുത്തിയതും അച്ഛൻ പൊട്ടിത്തെറിച്ചതും കണ്ട കുടുംബമാണ്. അവരെ ജനങ്ങൾ വിലകുറച്ച് കാണുന്നത് ശരിയല്ല എന്നഭിപ്രായം അദ്ദേഹം പങ്കുവച്ചു.
രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയിൽ താൻ കട്ടിലിൽ ഒളിച്ചിരിക്കുകയാകും ചെയ്യുക. എന്നാൽ രാഹുൽ ഗാന്ധി പരിപാടികളിൽ പറയുന്നത് പരിശോധിച്ചാൽ അദ്ദേഹത്തിന് അഭിനന്ദിക്കപെടേണ്ട ഒരുപാട് ഗുണങ്ങളുണ്ട്. കൊവിഡ് സമയത്ത് നമ്മൾ കൂടുതൽ മുൻകരുതലുകളെടുക്കണമെന്നും മുൻകൂട്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ കോൺഗ്രസ് റാലികൾ അവസാനിപ്പിച്ചു. രണ്ടാം കൊവിഡ് തരംഗത്തിൽ കാര്യങ്ങളെ രാഷ്ട്രീയമായി കാണുന്നത് അവസാനിപ്പിച്ചുവെന്നും രാഹുലിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
എല്ലാത്തിനുമുള്ള ഉത്തരങ്ങൾ രാഹുലിന്റെ പക്കൽ ഇല്ലായിരിക്കാം. എന്നാൽ അദ്ദേഹത്തെ ചിത്രീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം വിവേകമുള്ള നേതാവാണ്. അദ്ദേഹത്തിന് ദൃഢനിശ്ചയമുണ്ട്. അദ്ദേഹത്തോട് വിയോജിപ്പുണ്ടെങ്കിൽ ആ ദൃഢനിശ്ചയത്തോട് സംവദിക്കണം. അദ്ദേഹം അത്തരം സംവാദങ്ങൾക്ക് തയ്യാറാണെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു. നേരത്തേ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിൽ രഘുറാം രാജൻ പങ്കെടുത്തിരുന്നു.