ഡല്ഹി: പാകിസ്താൻ പരാമർശത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുന്നെ പുതിയ പുലിവാല് പിടിച്ച് മണിശങ്കർ അയ്യർ. ഇന്ത്യ - ചൈന യുദ്ധവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ വിവാദ പരാമർശം. 1962 ലെ ഇന്തോ ചൈനാ യുദ്ധത്തെക്കുറിച്ച് 'ചൈന അധിനിവേശം നടത്തി'യെന്ന ആരോപണമുണ്ടെന്ന നിലയിലായിരുന്നു മണിശങ്കർ അയ്യർ പ്രതികരിച്ചത്. ഫോറിൻ കറസ്പോണ്ടൻസ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം എന്ന വാക്ക് കാണികൾ ചൂണ്ടിക്കാട്ടിയപ്പോൾ അബദ്ധം പറ്റിയതാണെന്നായിരുന്നു മണിശങ്കർ അയ്യരുടെ മറുപടി.
എന്നാൽ മണിശങ്കർ അയ്യരുടെ വാക്കുകളെ ആയുധമാക്കുകയാണ് ബിജെപി. ചൈനയുടെ നുഴഞ്ഞുകയറ്റത്തെ വെള്ളപൂശാനാണ് അയ്യർ ശ്രമിക്കുന്നതെന്ന് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചു. റിവിഷനിസത്തിനായുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം നേടാനുള്ള അവസരം ചൈനയ്ക്ക് വേണ്ടി നെഹ്റു ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി രഹസ്യ ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് എംബസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുകയും ചൈനീസ് കമ്പനികൾക്ക്
ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം ശുപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ യുപിഎ സർക്കാർ ചൈനീസ് ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കുകയും ചെറുകിട വ്യാപാരികളോട് ദ്രോഹം ചെയ്യുകയും ചെയ്തു. അയ്യർ ഇപ്പോൾ ചൈനീസ് അധിനിവേശത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു - അമിത് മാളവ്യ കുറിച്ചു. എന്താണ് കോൺഗ്രസിന് ചൈനയോട് ഇത്ര സ്നേഹമെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ അയ്യരുടെ വിവാദ പരാമർശങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് കോൺഗ്രസ്. അധിനിവേശ ആരോപണം എന്ന പ്രയോഗം തെറ്റായി ഉപയോഗിച്ചതിന് മണിശങ്കർ അയ്യർ മാപ്പുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രായത്തിന് പരിഗണന നൽകണം. അയ്യരുടെ പ്രസ്താവനയിലെ വാക്കുകളിൽ നിന്ന് വിട്ടുനിൽക്കുന്നു - എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
1960 ഒക്ടോബർ 20 ന് ആരംഭിച്ച ചൈനീസ് നുഴഞ്ഞുകയറ്റം യാഥാർത്ഥ്യമാണ്. സമാനമായി 2020 മെയ്യിൽ ലഡാക്കിൽ ചൈന നടത്തിയ നുഴഞ്ഞുകയറ്റത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതും നിലവിലെ അവസ്ഥയെ തകിടം മറിക്കുന്നതായിരുന്നു. 2020 ലെ ചൈനീസ് അധിനിവേശം പ്രധാനമന്ത്രി നിഷേധിച്ചത് സംബന്ധിച്ച വീഡിയോയും അദ്ദേഹം ഒപ്പം പങ്കുവച്ചു. ജൂൺ 19 ന് മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് ജയറാം രമേശ് തിരിച്ചടിച്ചു. അനുരഞ്ജന ചർച്ചകളെയാണ് ഇത് ദുർബലപ്പെടുത്തിയത്. ഇപ്പോൾ ദെപ്സാങ്ങും ഡെംചോക്കും ഉൾപ്പെടെ 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യൻ സൈനികരുടെ പരിധിക്ക് പുറത്താണെന്നും ജയറാം രമേശ് പറഞ്ഞു.