ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഇരുന്നൂറിലധികം പൊതുപരിപാടികളില്. മാര്ച്ച് 16 ന് തിരഞ്ഞെടുപ്പ് കമ്മീഷന് തിയ്യതി പ്രഖ്യാപിച്ചത് മുതല് റാലികള്, റോഡ്ഷോ, മറ്റു പൊതുജന പരിപാടികള് അടക്കം 206 പരിപാടികളില് മോദി പങ്കെടുത്തു.
മാര്ച്ച് 15 മുതല് 17 വരെ മോദി ദക്ഷിണേന്ത്യയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില് മോദി എത്തി. ഇതിന് പുറമെ വിവിധ മാധ്യമങ്ങളിലായി 89 അഭിമുഖങ്ങളും നല്കിയിട്ടുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില് 145 പൊതുജന പരിപാടികളിലായിരുന്നു മോദി പങ്കെടുത്തത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവില് കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 107, 108 റാലികളില് വീതം പങ്കെടുത്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില് രാഹുല് ഗാന്ധി പഞ്ചാബിലും പ്രിയങ്കാ ഗാന്ധി ഹിമാചല് പ്രദേശിലുമായിരുന്നു. ഇതിന് പുറമെ പ്രിയങ്ക നൂറിലധികം മാധ്യമങ്ങള്ക്ക് ബൈറ്റുകളും ഒരു ചാനല് അഭിമുഖവും നല്കിയിട്ടുണ്ട്.
16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് പ്രിയങ്ക റാലികള് സംഘടിപ്പിച്ചത്. ഉത്തര്പ്രദേശില് സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവിനൊപ്പവും ബിഹാറില് ആര്ജെഡി നേതാവ് തേജസ്വി യാദവിനൊപ്പവും രാഹുല് റാലികളില് പങ്കെടുത്തിട്ടുണ്ട്. ജൂണ് ഒന്നിന് രാജ്യം ഏഴാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള് പ്രധാനമന്ത്രി കന്യാകുമാരിയില് ധ്യാനമിരിക്കുകയാണ്. നിശ്ബ്ദ പ്രചാരണ ഘട്ടത്തിലെ ധ്യാനത്തിനെതിരെ കോണ്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.