പൂനെ: ബൈക്ക് യാത്രികരായ രണ്ട് പേരെ പോർഷെ കാർ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരനായ പ്രതിയെ സംരക്ഷിക്കാൻ പണവും രാഷ്ട്രീയ അധികാരവും ഉപയോഗിപ്പെടുത്തിയെന്ന് പൊലീസ് വൃത്തങ്ങൾ. അപകടം നടന്ന രാത്രി പ്രതിയുടെ അച്ഛൻ വിശാൽ അഗർവാൾ എംഎൽഎ സുനിൽ ടിംഗ്രെയെ 45 തവണ വിളിച്ചുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ പറയുന്നു. ഇതോടെ കേസിൽ പ്രതിയെ സംരക്ഷിക്കുന്നതിനായി എംഎൽഎ നടത്തിയ ഇടപെടലുകൾ കൂടി പുറത്തു വരികയാണ്.
മെയ് 19 രാത്രി കഴിഞ്ഞ് 2.30 നും 3.45 നും ഇടയിൽ വിശാൽ അഗർവാളിൽ നിന്ന് ടിംഗ്രെയ്ക്ക് 45 മിസ്ഡ് കോളുകൾ ലഭിച്ചു. എന്നാൽ ഉറക്കമായിരുന്നുതിനാൽ എംഎൽഎ ഫോൺ എടുത്തില്ല. കോളുകൾക്ക് മറുപടി ലഭിക്കാതെയായപ്പോൾ വിശാൽ അഗർവാൾ എംഎൽഎയുടെ വീട്ടിലേക്ക് പോയിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കൂടാതെ പ്രതിയുടെ രക്ത സാമ്പിൾ മാറ്റിയതിലും എൻസിപി (അജിത് പവാർ) നേതാവ് കൂടിയായ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിയുടെ രക്തസാമ്പിളുകൾ മാറ്റാൻ തന്നെ വിളിച്ച് ആവശ്യപ്പെട്ടത് ടിംഗ്രെയാണെന്നും സാസൂൺ ജനറൽ ആശുപത്രിയിലെ ഡോ. തവാരെ ആരോപിച്ചു.
മെയ് 19-നാണ് പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ഉദ്യോഗസ്ഥർ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗർ ഭാഗത്ത് അമിതവേഗതയിൽ പോർഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരൻ. അമിത വേഗതയിൽ എത്തിയ പോർഷെ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവർ കൊല്ലപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ തന്നെ ഇരുവരേയും അവധ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.