മനുസ്മൃതിയോടൊപ്പം അംബേദ്കറുടെ ചിത്രം കീറി എൻസിപി നേതാവ്; പിന്നീട് പരസ്യമായി മാപ്പ്

'പറ്റിയത് തെറ്റ്, വർഷങ്ങളായി ഡോ. ബാബാസാഹേബ് അംബേദ്കറുടെ ചിന്തകൾ പിന്തുടരുന്നയാളാണ് ഞാൻ'

dot image

മുംബൈ: മനുസ്മൃതിയോടൊപ്പം ഡോ ബാബാസാഹെബ് അംബേദ്കറുടെ ചിത്രം കീറി എൻസിപി നേതാവ് ജിതേന്ദ്ര ഔഹാദ്. പാഠ്യപദ്ധതിയിൽ സർക്കാർ മനുസ്മൃതി ഉൾപ്പെടുത്തുന്നതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിലാണ് ജിതേന്ദ്ര മനുസ്മൃതിയോടൊപ്പം അംബേദ്കറുടെ ചിത്രവും കീറിയത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ജിതേന്ദ്ര രംഗത്തെത്തി. എക്സിലൂടെയായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

സ്കൂൾ പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ താത്പര്യത്തെ എതിർത്ത് മഹാദിലെ ക്രാന്തിയിൽ ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ചാണ് ഞങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ ഇതിനിടയിൽ അറിയാതെ ഒരു വലിയ തെറ്റ് ചെയ്തു. ചില പ്രവർത്തകർ കൊണ്ടുവന്ന പോസ്റ്ററുകളിൽ ഡോ. ബാബാസാഹെബ് അംബേദ്കറുടെ ചിത്രവും ഉണ്ടായിരുന്നു. ഈ പോസ്റ്റർ ഞാൻ അശ്രദ്ധമായി കീറിക്കളഞ്ഞു. സംഭവത്തിൽ ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു.

വർഷങ്ങളായി ഡോ. ബാബാസാഹേബ് അംബേദ്കറുടെ ചിന്തകൾ പിന്തുടരുന്നയാളാണ് ഞാൻ എന്ന് എല്ലാവർക്കും അറിയാം. ഇതുവരെ ഒരു കാര്യത്തിനും ഞാൻ മാപ്പ് പറഞ്ഞിട്ടില്ല. ഞാൻ എപ്പോഴും എൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ മാപ്പ് ചോദിക്കുകയാണ്, കാരണം ഇത് എൻ്റെ പിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്. എല്ലാ അംബേദ്കർ സ്നേഹികളും എന്നോട് ക്ഷമിക്കണം.

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) അടുത്തിടെ പ്രഖ്യാപിച്ച സിലബസാണ് മഹാരാഷ്ട്രയിൽ വിവാദത്തിന് കാരണമായത്. മൂന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതിയിൽ മനുസ്മൃതിയിൽ നിന്നുള്ള ശ്ലോകങ്ങളും ഭഗവദ് ഗീതയിൽ നിന്നുള്ള ഒരു അധ്യായവും നിർബന്ധമാക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠഭാഗത്താണ് മനുസ്മൃതിയിലെ ശ്ലോകങ്ങൾ ചേർത്തത്.

എന്നാൽ, സംഭവം വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സർക്കാർ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ദീപക്ക് കെ സർക്കാരിന്റെ വിശദീകരണം. പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട പാഠ്യപദ്ധതി ചട്ടകൂട് തയ്യാറാക്കുന്ന സമിതി പുതിയ സിലബസ് പുറത്തു വിട്ടത്.

സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്ത് മനുസ്മൃതിയിലെ ശ്ലോകങ്ങൾ ചേർത്തതോടെ വിദ്യാഭ്യാസ വിദഗ്ദർ തന്നെ എതിർപ്പറിയിച്ചിരുന്നു. സമാന ആശയമുളള സംസ്കൃത ശ്ലോകങ്ങൾ നിലനിൽക്കെ മനുസ്മൃതി കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു വിമർശനം. കോൺഗ്രസിനും ശരദ് പവാറിനും പിന്നാലെ ഭരണപക്ഷത്തെ എൻസിപിയും എതിർപ്പറിയിച്ചതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us