ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി 295 സീറ്റുകൾ വരെ നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടന്ന ഇൻഡ്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ യോഗത്തിലാണ് ഖർഗെ പ്രതീക്ഷ പങ്ക് വെച്ചത്. ഇൻഡ്യാ സഖ്യം നാളെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും സഖ്യം ഒറ്റക്കെട്ടാണെന്നും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും യോഗം പ്രഖ്യാപിച്ചു. മുന്നണി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു യോഗം.
കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സിപിഐഎമ്മിൽ നിന്നും സീതാറാം യെച്ചൂരി, സിപിഐയിൽ നിന്നും ഡി രാജ, ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്ന് കല്പന സോറൻ, ചമ്പയ് സോറൻ, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, എൻസിപിയിൽ നിന്നും ശരദ് പവാർ, ശിവസേനയിൽ നിന്നും അനിൽ ദേശായി, നാഷണൽ കോൺഫറൻസിൽ നിന്നും ഫാറൂഖ് അബ്ദുള്ള, ആം ആദ്മി പാർട്ടിയിൽ നിന്നും അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ആർജെഡിയിൽ നിന്നും തേജസ്വി യാദവ്, സമാജ് വാദി പാർട്ടിയിൽ നിന്നും അഖിലേഷ് യാദവ് തുടങ്ങിയവരും യോഗത്തിലെത്തി.
ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന യോഗത്തിൽ, സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങളാണ് പ്രധാന ചർച്ചാ വിഷയമായത്. തിരഞ്ഞെടുപ്പ് ഫലം സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതി വിശേഷമുണ്ടായാൽ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങളടക്കം യോഗത്തിൽ ആസൂത്രണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപതിലധികം പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വർഷമാണ് പൊതു തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ സഖ്യമുണ്ടാക്കിയത്. ഡൽഹിയിലും യുപിയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇൻഡ്യ മുന്നണിയുടെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്. ഇവിടങ്ങളിലെ സഖ്യത്തിന്റെ പ്രകടനവും യോഗത്തിൽ വിലയിരുത്തി.
അവസാന ഘട്ട വോട്ടെടുപ്പ് പൂർണ്ണമാവാൻ മണിക്കൂറുകൾ; ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു