മുംബൈ: ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. 172 യാത്രക്കാരും ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശമെത്തിയത്. ബോംബ് ഭിഷണിയുയർന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കി. ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണയാണ് ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
രാവിലെ 6.50 ന് ചെന്നൈയിൽ നിന്ന് വിമാനം പുറപ്പെട്ട ശേഷമാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു റിമോട്ടും കണ്ടെത്തി. ഉടൻ പൈലറ്റുമാർ മുംബൈ എടിഎസ്സിനെ ബന്ധപ്പെട്ട് അടിയന്തര ലാന്റിങ് ആവശ്യപ്പെട്ടു. ഉടൻ അടിയന്തരമായി അഗ്നിരക്ഷാസേനയും അംബുലൻസുമടക്കം എല്ലാ രക്ഷാ സജ്ജീകരണങ്ങളുമൊരുക്കി. വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം പരിശോധനകൾക്കായി മാറ്റി.
മെയ് 28ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് നേരത്തെ ബോംബ് ഭീഷണിയുണ്ടായത്. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതേ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽവച്ചുതന്നെ യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തന സമയത്ത് ബാഗുകളടക്കം ഒന്നും എടുക്കാൻ പാടില്ലെന്നിരിക്കെ ബാഗേജുകളുമായി ജീവനക്കാർ പുറത്തിറങ്ങിയതിനെ തുടർന്ന് രണ്ട് പൈലറ്റുമാരെയടക്കം ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കിയിരുന്നു.
ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം