ചണ്ഡീഗഡ്: ചണ്ഡീഗഡ് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനീഷ് തിവാരി വിജയിക്കുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്. ബിജെപിയുടെ സഞ്ജയ് ഠണ്ടനാണ് ഇവിടെ മനീഷ് തിവാരിയുടെ എതിർ സ്ഥാനാർത്ഥി. നിലവിൽ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ തിവാരിക്ക് ഠണ്ടനെതിരെ വ്യക്തമായ അധിപത്യമുണ്ടെന്നാണ് എക്സിറ്റ് പോള് ഫലം. എന്നാൽ മണ്ഡലത്തിൽ തനിക്ക് ജനങ്ങളുടെ ഉറച്ച പിന്തുണയുണ്ടെന്നും ജയിച്ചു കയറുമെന്നുമുള്ള പ്രതീക്ഷ ബിജെപി സ്ഥാനാർത്ഥിയും പങ്ക് വെക്കുന്നുണ്ട്.
മനീഷ് തിവാരിയെ രാഷ്ട്രീയ ടൂറിസ്റ്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു സഞ്ജയ്ടഠണ്ടന്റെ പ്രചാരണം. പ്രധാനമന്ത്രി വാരണാസിയിൽ മത്സരിക്കുന്നത് ചൂണ്ടി കാണിച്ചായിരുന്നു തിവാരി ഇതിനെ തിരിച്ചടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്നാണ് മത്സരിക്കുന്നത്. എന്നാൽ അദ്ദേഹം വാരണാസിക്കാരനാണോ? ഞാൻ ചണ്ഡീഗഡിലാണ് പഠിച്ചതും വളർന്നതും' തിവാരി പ്രതികരിച്ചു. 2009 ൽ ലുധിയാനയിൽ നിന്ന് വിജയിച്ച മനീഷ് തിവാരി മൻമോഹൻ സിങ് മന്ത്രി സഭയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. ജൂൺ ഒന്നിന് നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പിലായിരുന്നു ചണ്ഡീഗഡിലെ വോട്ടെടുപ്പ് നടന്നത്. 62.8 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ ബിജെപിയുടെ കിരൺ ഖേറായിരുന്നു ഇവിടെ നിന്നും വിജയിച്ചിരുന്നത്. മൂന്ന് തവണ ഇവിടെ നിന്നും എംപിയായ കോൺഗ്രസിന്റെ പവൻ കുമാർ ബൻസാലിൽ നിന്നും 2014 ൽ സീറ്റ് പിടിച്ചെടുത്ത കിരൺ ഖേർ 2019 ലും അത് നിലനിർത്തുകയായിരുന്നു.
മംഗള സൂത്രയിൽ തുടങ്ങി ആട്ടിൻ സൂപ്പ് വഴി ധ്യാനം വരെ; തിരഞ്ഞെടുപ്പ് കാലത്തെ മോദി തന്ത്രങ്ങൾ